എംപി ഫണ്ട് വിനിയോഗത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കം ഒമ്പത് കോൺഗ്രസ് എംപിമാർ ഏറെ പിന്നിൽ. ഇതിനകം ഏഴ് കോടി രൂപ വീതം അനുവദിച്ചെങ്കിലും 2.58 കോടി രൂപ മാത്രമാണ് സുധാകരൻ വിനിയോഗിച്ചത്.
വി കെ ശ്രീകണ്ഠനാണ് ഏറ്റവും കുറവ് തുക വിനിയോഗിച്ചത്. 2.52 കോടി. എം കെ രാഘവൻ–3.26 കോടി, രമ്യ ഹരിദാസ്– 3.67, ബെന്നി ബെഹനാൻ– 3.67, ഡീൻ കുര്യാക്കോസ്–4.03, കൊടിക്കുന്നിൽ സുരേഷ്–- 4.06, അടൂർ പ്രകാശ്–- 4.09, ഹൈബി ഈഡൻ 4.53 എന്നിവരാണ് ഏറ്റവും കുറഞ്ഞ തുക വിനിയോഗിച്ച മറ്റ് കോൺഗ്രസ് എം പിമാർ.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില ഇനി ഫണ്ട് പൂർണമായും ചെലവഴിക്കുക എളുപ്പമല്ല. പുതിയ അംഗങ്ങളുടെ പരിചയക്കുറവും പദ്ധതികൾ അനുവദിച്ചുവരാനുള്ള കാലതാമസവും പ്രശ്നമാണെന്ന് ഏഴിൽ 5.27 കോടി രൂപ ചെലവഴിച്ച എ എം ആരിഫ് പറഞ്ഞു. പല പദ്ധതികളും ഇപ്പോഴും നടപടിക്രമങ്ങളിലാണ്, അതുകൂടി വന്നാൽ പരമാവധി തുക ചെലവഴിക്കാനാകും. നടപ്പാക്കിവരുന്ന പല പദ്ധതികളും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് കൊടിക്കുന്നിൽ സുരേഷിൻ്റെ വാദം. പത്ത് സംസ്ഥാനത്ത് അനുവദിച്ച തുകമുഴുവനും പത്തിടത്ത് 90 ശതമാനവും ചെലവഴിച്ചതായി എസ് അജയകുമാറിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നൽകിയ വിവരാവകാശ രേഖയിൽ പറഞ്ഞു. രണ്ടിലും കേരളമില്ല.