തൃശൂർ: വിവാദ യൂട്യൂബ് ചാനലായ മറുനാടൻ മലയാളിക്കെതിരെ ടി എൻ പ്രതാപൻ എംപി. രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കെ സി വേണുഗോപാലിനെയും കോൺഗ്രസിനെയും പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്ത ‘മറുനാടൻ മലയാളി’ ഷാജൻ സ്കറിയയെ ആത്മാഭിമാനമുള്ള ഒരു കോൺഗ്രസുകാരനും ന്യായീകരിക്കാനാവില്ലെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. സുധാകരനും രമ്യ ഹരിദാസും വ്യക്തിപരമായ അഭിപ്രായം പറയുന്നത് പോലെ തൻ്റെ കാഴ്ചപ്പാടിൽ ഊന്നിയ വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രതാപൻ വ്യക്തമാക്കി.
മാധ്യമങ്ങൾക്ക് പൊതുപ്രവർത്തകരെ മാന്യമായി വിമർശിക്കാം. അതിൽ കഴമ്പുണ്ടെങ്കിൽ ഉൾക്കൊള്ളാറുണ്ട്. പക്ഷെ, ഒരു യൂട്യൂബ് ചാനലുണ്ടെങ്കിൽ എന്തും വിളിച്ച് പറയാമെന്ന ധാരണ പാടില്ല. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മതസ്പർധ വളർത്താനും മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും അവരുടെ വ്യക്തിത്വവും അസ്തിത്വംതന്നെയും വെല്ലുവിളിക്കാനുമാണ് ഷാജൻ പലപ്പോഴും മുതിർന്നിട്ടുള്ളത്. സംഘി സ്വരമാണ് അയാളിൽനിന്ന് വരുന്നത് – ടി എൻ പ്രതാപൻ പറഞ്ഞു.