തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ സിപിഎം നടത്തുന്ന സെമിനാറിലേക്കാണ് മുസ്ലിം ലീഗിനെ ക്ഷണിച്ചത് അല്ലാതെ മുന്നണിയിലേക്കല്ലന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. സെമിനാറിന് സമസ്ത പിന്തുണ നൽകിയത് നല്ല നയങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെതിരെയും വർഗീയതക്കെതിരെയും യോജിക്കാൻ പറ്റുന്നവരുമായി സഹകരിക്കും. പാർലമെന്റിൽ സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇടതുപക്ഷം മാത്രമാണ് എതിർത്തതെന്നും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2021 ലെ തെരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസിൻ്റെ സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടു. ഇടതുപക്ഷത്തിൻ്റെ മുൻകൈകളെ ചെറുത്തുകൊണ്ടും എല്ലാത്തിനെയും എതിർത്തുകൊണ്ടും തങ്ങളുടെ സ്വാധീനം തിരികെ കൊണ്ടുവരാമെന്നാണ് കോൺഗ്രസ് ധരിക്കുന്നത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാടിനോട് ലീഗിന് വഴങ്ങേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.