ഒടുക്കം മാതൃഭൂമി ക്ഷൗരവും തുടങ്ങി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിലാണ് മാതൃഭൂമി വക മുടി വെട്ടലും താടി വടിക്കലും. എസ്എഫ്ഐയെ അധിക്ഷേപിക്കാൻ പല വഴി നോക്കി ഒടുക്കം താടി – മുടി പരിശോധനക്കിറങ്ങിയിരിക്കുകയാണ് മാതൃഭൂമി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ ഒന്നാം വർഷ വിദ്യാർഥികളെ താടിയും മുടിയും വളർത്താൻ അനുവദിക്കുന്നില്ലെന്ന വ്യാജവാർത്തയാണ് ഒടുവിലായി എസ് എഫ് ഐക്കെതിരെ മാതൃഭൂമി ഇറക്കിയത്. ആയുർവേദ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളിൽ 17 ആൺകുട്ടികളാണുള്ളത്. അവർക്കെല്ലാം മീശയും പല അളവിലുള്ള താടിയും മുടിയുമുണ്ട്. എന്നാൽ, മാതൃഭൂമി ഒന്നാംപേജിൽ തന്നെ സ്ഫോടനാത്മകമായവാർത്ത നൽകിയത് ഒന്നാംവർഷ വിദ്യാർഥികളെ താടിയും മുടിയും വളർത്താൻ സീനിയേഴ്സായ എസ്എഫ്ഐക്കാർ അനുവദിക്കുന്നില്ലെന്നും. കോളേജിൽ സീനിയർ എന്നോ ജൂനിയർ എന്നോ വേർതിരിവില്ലാതെ സൗഹൃദത്തോടെയാണ് വിദ്യാർഥികൾ ഇടപഴകുന്നത്. കോളേജ് അധ്യാപക സംഘടനയുടെ സമ്മേളന വിജയത്തിനായി വിദ്യാർഥികൾ ഒപ്പംചേർന്ന് പ്രവർത്തിക്കുന്നതിനിടെയാണ് മാതൃഭൂമി താടിയും മുടിയും വെട്ടാനിറങ്ങിയത്.
എല്ലാ വിദ്യാർഥികളും കോളേജ് യൂണിയൻ വഴി പുസ്തകങ്ങൾ വാങ്ങണമെന്ന് നിർബന്ധിക്കുന്നതായും മാതൃഭൂമി എഴുതി വിട്ടു. യൂണിയന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ ഒന്നിച്ചുവാങ്ങി വിലക്കുറവിൽ വിദ്യാർഥികൾക്ക് നൽകുന്നത് പതിവാണ്. ‘എസ്സൻഷ്യൽ ഓഫ് മെഡിക്കൽ സൈക്കോളജി’ എന്ന പുസ്തകത്തിൻ്റെ വിപണി വില 2095 രൂപയാണ്. ഒന്നിച്ച് വാങ്ങി നൽകിയപ്പോൾ അത് 1620 ആയി കുറഞ്ഞു. ഇത്തരത്തിൽ ഓരോ പുസ്തകവും 100 മുതൽ 500 രൂപവരെ വിലക്കുറവിലാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്. ഹോസ്റ്റലിൽ പഠിക്കാൻ അനുവദിക്കുന്നില്ലെന്ന പെരും നുണയും മാതൃഭൂമി അടിച്ചു വിട്ടിട്ടുണ്ട്. സീനിയർ വിദ്യാർഥികളുമായി നല്ല ബന്ധമാണ് ജൂനിയർ വിദ്യാർഥികൾ പുലർത്തുന്നത്.
പുസ്തകങ്ങൾ വില കൂട്ടി വിൽക്കുന്നതായി പരാതിയുണ്ടെന്നു പറഞ്ഞാണ് മാതൃഭൂമി റിപ്പോർട്ടർ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഷാമിലിനെ വിളിക്കുന്നത്. അത് തെറ്റാണെന്നും വസ്തുത എന്താണെന്നും മുഹമ്മദ് ഷാമിൽ ബോധ്യപ്പെടുത്തി. അപ്പോൾ മീശക്കാര്യം ചോദിച്ചു. വന്നുകണ്ട് ബോധ്യപ്പെട്ടോളൂ എന്ന് മുഹമ്മദ് ഷാമിൽ മറുപടിയും നൽകി. എസ്എഫ്ഐ യുടെ ശക്തി കേന്ദ്രമാണ് ആയുർവേദ കോളേജ്. വിദ്യാർഥികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങൾ ലഭ്യമാക്കി അവരെ സഹായിക്കാൻ കോളേജ് യൂണിയനും സജീവമായി ഇടപെടുന്നു. എസ്എഫ്ഐ വിരോധം മൂത്ത് സമനില തെറ്റിയാൽ എങ്ങനിരിക്കും എന്നതിന്റെ ക്ലാസിക്ക് ഉദാഹരണമാണ് മാതൃഭൂമിയുടെ താടി വടിയും മുടി വെട്ടും. വിദ്യാർഥികൾക്ക് എന്തെങ്കിലുമൊക്കെ സഹായം കിട്ടുന്നത് മുടക്കാനുളള ദുഷ്ട ബുദ്ധിയും മാതൃഭൂമിക്കുണ്ട്.