തിരുവനന്തപുരം: കരമന കളിയിക്കാവിള റോഡ് വികസനത്തിൻ്റെ ഭാഗമായി വഴിമുക്ക് – കളിയിക്കാവിള റീച്ചിന് 200 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നത്. തലസ്ഥാനജില്ലയുടെ ദീർഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്ക് എത്തിയതായും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്:
കരമന – കളിയിക്കാവിള റോഡ് വികസനം. വഴിമുക്ക് – കളിയിക്കാവിള റീച്ചിന് 200 കോടി രൂപയുടെ ഭരണാനുമതി..
തലസ്ഥാനജില്ലയുടെ ദീർഘകാല സ്വപ്നമായ കരമന – കളിയിക്കാവിള റോഡ് വികസനം അടുത്ത ഘട്ടത്തിലേക്ക്. വഴിമുക്ക് മുതൽ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 200 കോടി രൂപയുടെ ഭരണാനുമതിയായി. കിഫ്ബി പദ്ധതിയിലാണ് റോഡ് വികസനം നടപ്പിലാക്കുന്നത്.
കരമന കളിയിക്കാവിള പാതയിൽ കൊടിനട വരെയുള്ള വികസനപ്രവൃത്തി ഇതിനകം പൂർത്തീകരിച്ചതാണ്. ബാക്കി പ്രവൃത്തി കൂടി പൂർത്തീകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നു.
കൊടിനട മുതൽ വഴിമുക്ക് വരെ 30.2 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ അവസാനഘട്ടത്തിലാണ്.