തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് നേതാവും എം എൽ എയുമായ എൽദോസ് കുന്നപ്പിള്ളിൽ പണം സംഭാവന ചെയ്യുന്ന ചിത്രം പങ്കുവെച്ച് എ എ റഹിം എംപി. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയിൽ നടന്ന ചർച്ചയുടെ ഭാഗമായി അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പണം സംഭാവന ചെയ്ത പട്ടികയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ്സിലെ ശ്രീ പഴകുളം മധു ഇത് നിഷേധിക്കുകയും എന്നോട് എംഎൽഎയുടെ പേര് പറയണമെന്ന് ശഠിക്കുകയും ചെയ്തു. സംഭവം എനിക്കോർമ്മയുണ്ടെങ്കിലും എംഎൽഎ യുടെ പേര് സംബന്ധിച്ച് ഒരു അവ്യക്തത മനസ്സിൽ തോന്നിയതിനാൽ പേര് അപ്പോൾ പറഞ്ഞില്ല. തെറ്റായി, മറ്റൊരാളുടെ പേര് പറയുന്നത് ശരിയല്ലല്ലോ. ഉന്നയിച്ച പ്രസ്താവനയിൽ ഉറച്ചു നിന്ന ഞാൻ പേരിനെ സംബന്ധിച്ചു അവ്യക്തതയുണ്ടെന്നും സാമൂഹ്യമാധ്യമത്തിലൂടെ തുടർന്ന് വ്യക്തത വരുത്താമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ ചിത്രവും അത് സംബന്ധിച്ച വാർത്തകളും പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
ഇതാണ് ആ എം എൽ എ.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഘപരിവാറിന് പണം സംഭാവന ചെയ്യുന്ന
ശ്രീ എൽദോസ് കുന്നപ്പള്ളിയുടെ ചിത്രമാണിത്. കേരളത്തിൽ പോലും ഒരു കോൺഗ്രസ്സ് എംഎൽഎ പണം കൊടുത്തു,അതൊരു മഹാഭാഗ്യമെന്ന് പറയുകയും ചെയ്തു.ഏകസിവിൽകോഡ് സംബന്ധിച്ചു റിപ്പോർട്ടർ ടിവിയിൽ ഇന്ന് നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസ്സ് നേതാവും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ് രാമക്ഷേത്ര നിർമ്മാണത്തിന് കല്ല് സംഭാവന ചെയ്ത വാർത്ത നികേഷ്കുമാർ തന്നെ ഉദ്ധരിക്കുകയുണ്ടായി.ഈ സമയത്തു കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ ആർഎസ്എസിന്റെ രാമക്ഷേത്ര നിർമാണ ക്യാമ്പയിനിൽ പങ്കെടുത്തതും പണം കൊടുത്തതും ഞാൻ ചൂണ്ടിക്കാണിച്ചു.
ആലപ്പുഴയിലെ ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവും, ഒരു എംഎൽഎയും കേരളത്തിൽ സംഘ്പരിവാറുകാർക്ക് രാമക്ഷേത്ര നിർമാണത്തിന് പണം നൽകി എന്ന് ഞാൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ്സിലെ ശ്രീ പഴകുളം മധു ഇത് നിഷേധിക്കുകയും എന്നോട് എംഎൽഎയുടെ പേര് പറയണമെന്ന് ശഠിക്കുകയും ചെയ്തു. സംഭവം എനിക്കോർമ്മയുണ്ടെങ്കിലും എംഎൽഎ യുടെ പേര് സംബന്ധിച്ച് ഒരു അവ്യക്തത മനസ്സിൽ തോന്നിയതിനാൽ പേര് അപ്പോൾ പറഞ്ഞില്ല. തെറ്റായി, മറ്റൊരാളുടെ പേര് പറയുന്നത് ശരിയല്ലല്ലോ. ഉന്നയിച്ച പ്രസ്താവനയിൽ ഉറച്ചു നിന്ന ഞാൻ പേരിനെ സംബന്ധിച്ചു അവ്യക്തതയുണ്ടെന്നും സാമൂഹ്യമാധ്യമത്തിലൂടെ തുടർന്ന് വ്യക്തത വരുത്താമെന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഈ ചിത്രവും അത് സംബന്ധിച്ച വാർത്തകളും പങ്കുവയ്ക്കുന്നത്.
ബാബരി മസ്ജിദ് തകർക്കുമ്പോൾകേന്ദ്രത്തിലെ കോൺഗ്രസ്സ് സർക്കാർ പുലർത്തിയത് മാപ്പർഹിക്കാത്ത മൗനമായിരുന്നു.ഇപ്പാൾ അവിടെ രാമക്ഷേത്രം പണി തുടങ്ങിയപ്പോൾ ആർഎസ്എസിനൊപ്പം ചേർന്ന് രാജ്യത്ത് പലയിടത്തും ആഹ്ലാദാരവത്തോടെ കോൺഗ്രസ്സ് നേതാക്കൾ രംഗത്തു വന്നതും ഇന്ത്യ കണ്ടതാണ്.കേരളത്തിൽ ഇങ്ങനെ പെരുമാറിയ ഈ കോൺഗ്രസ്സ് നേതാക്കളോട് നാളിതുവരെ ഒരു വിശദീകരണം പോലും കെപിസിസി നേതൃത്വം ചോദിച്ചിട്ടില്ല എന്നതും വളരെ പ്രസക്തമാണ്.ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ്സിൽ ആശയക്കുഴപ്പം തുടരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ വാർത്തകളും ചിത്രവും പ്രാധാന്യമർഹിക്കുന്നു. ചിത്രത്തിനപുറമേ ഈ വിഷയത്തിൽ വന്ന വാർത്തകളുടെ ലിങ്കുകൾ കൂടി കമന്റ് ബോക്സിൽ ഉൾപ്പെടുത്തുന്നു.