ന്യൂഡൽഹി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ഒരേസമയം നേതാക്കൾ ഏക സിവിൽ കോഡിനെ എതിർത്തും അനുകൂലിച്ചും രംഗത്തുവന്നിട്ടും ദേശീയ നേതൃത്വം നീലപാട് വ്യക്തമാക്കിട്ടില്ല.
ഹിമാചലിൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിൻ്റെ മകനും സംസ്ഥാനമന്ത്രിയുമായ വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഏക സിവിൽ കോഡ് അനിവാര്യമാണെന്ന് വിക്രമാദിത്യ സിങ് ട്വിറ്ററിൽ കുറിച്ചു. മഹാരാഷ്ട്രയിൽ ഏക സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ പിസിസി പ്രത്യേക സമിതിക്ക് രൂപം നൽകി. ഏക സിവിൽ കോഡ് വിഷയത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഒമ്പതംഗ സമിതിയെ വച്ചതെന്ന് പിസിസി പ്രസിഡന്റ് നാനാ പഠോളെ പറഞ്ഞു.
പി ചിദംബരം, മനീഷ് തിവാരി തുടങ്ങിയ നേതാക്കൾ ഏക സിവിൽ കോഡ് നീക്കത്തെ ശക്തമായി അപലപിച്ചിരുന്നു. എന്നാൽ, മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കം മറ്റ് മുതിർന്ന നേതാക്കളെല്ലാം മൗനത്തിലാണ്.