ന്യൂഡൽഹി: മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ ഗവർണർ ആർ എൻ രവിയുടെ നടപടിയെ സിപിഎം പൊളിറ്റ് ബ്യൂറോ അതിശക്തമായ ഭാഷയിൽ അപലപിച്ചു. ഗവർണർ പദവിയിൽ നിന്ന് അദ്ദേഹത്തെ എത്രയും വേഗം നീക്കണമെന്നും പിബി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ മന്ത്രിമാരെ നിയമിക്കാനോ നീക്കാനോ ഗവർണർക്ക് അധികാരമില്ല. ഇതിന് കടകവിരുദ്ധമായ ഗവർണറുടെ നടപടി കടുത്ത ഭരണഘടന ലംഘനമാണ്.
സംസ്ഥാന രാഷ്ട്രീയത്തിലും സർക്കാരിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിലുംവരെ ആർ എൻ രവിയുടെ അനാവശ്യ ഇടപെടൽ വർധിച്ചുവരികയാണ്. മന്ത്രിയെ പുറത്താക്കിയ അതിരുകടന്ന ഉത്തരവ് മരവിപ്പിച്ചുവെങ്കിലും ഭരണഘടന പദവിയായ ഗവർണർ സ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലന്ന് നടപടി തെളിയിച്ചു. അതിനാൽ ഗവർണറെ ഉടൻ തിരിച്ചുവിളിക്കാൻ രാഷ്ട്രപതി തയ്യാറാകണം- പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.