കെപിസിസി പ്രസിഡന്റ് കെ സുധാകരൻ താമസിക്കുന്നത് പന്ത്രണ്ടായിരം ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള
രമ്യഹർമ്മത്തിൽ. കൊട്ടാര സദൃശ്യമായ വീട് പണിയാൻ കോടിക്കണക്കിന് രൂപയാണ് സുധാകരൻ ഒഴുക്കിയത്. ഈ കോടികളുടെ ഉറവിടം വെളിപ്പെടുത്താൻ സുധാകരൻ തയ്യാറായിട്ടില്ല. സുധാകരൻ്റെ വൻ സാമ്പത്തിക ഇടപാടുകളും തട്ടിപ്പുകളും ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആഡംബര വസതി സജീവ ചർച്ചയായത്.
അതേസമയം വീടിൻ്റെ യഥാർഥ വലുപ്പം മറച്ചുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം നൽകിയെന്നും വ്യക്തമായി. സത്യവാങ്മൂലത്തിൽ 7405 സ്ക്വയർ ഫീറ്റ് മാത്രമാണ് കാണിച്ചത്. വരാന്ത മാത്രം 2172 സ്ക്വയർ ഫീറ്റ് വിസ്താരമുള്ള വീടിൻ്റെ യഥാർഥ വിവരം നൽകാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിച്ചു. യഥാർഥ ചിത്രം പ്രദേശവാസികൾ ഒഴികെയുള്ളവർ അറിയാതിരിക്കാനുള്ള സുധാകരൻ്റെ കുതന്ത്രം കൂടിയായിരുന്നു ഇത്.
കോർപ്പറേഷനിലും റവന്യൂവകുപ്പിലും സുധാകരൻ നൽകിയ പ്ലാൻ പ്രകാരം പണിത സൗധത്തിൻ്റെ വിസ്താരം 12,247 സ്ക്വയർ ഫീറ്റാണ്. ഈ വീടിനുപുറമെ, 200 ചതുരശ്രയടിയിലേറെ വലുപ്പമുള്ള രണ്ട് ഔട്ട്ഹൗസുമുണ്ട്. കോർപ്പറേഷനിൽനിന്ന് അനുമതിപോലും വാങ്ങാതെ നിർമിച്ച വീടിന് നിയമപരമായ നടപടിക്രമം പൂർത്തിയാക്കിയത് 2021 ജൂലൈയിൽ കെപിസിസി പ്രസിഡന്റാകുന്നതിന് തൊട്ടുമുമ്പും.
2006ലെ നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലം കൊടുക്കുമ്പോൾ എടക്കാട് അംശം കിഴുന്ന ദേശത്ത് റീസർവെ 54/3ൽ 45 സെന്റു സ്ഥലവും ഒരു വീടുമാണ് സ്വത്തായി സുധാകരൻ കാണിച്ചത്. മൂല്യം വെറും ആറര ലക്ഷം രൂപ മാത്രം. 2009ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിച്ച സുധാകരൻ അതേ സർവേ നമ്പരിൽ 2440 സ്ക്വയർ ഫീറ്റിൽ വീടു നിർമ്മാണം നടന്നു വരുന്നു എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. എസ്റ്റിമേറ്റ് തുക 30 ലക്ഷം രൂപ. പതിനഞ്ചു ലക്ഷം ഇതുവരെ ചെലവായെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. അഞ്ചു വർഷം കഴിഞ്ഞ് 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും സുധാകരന് സീറ്റു കിട്ടി. 2440 സ്ക്വയർ ഫീറ്റ് വീടുവെയ്ക്കാൻ 30 ലക്ഷം ചെലവായെന്ന് കമ്മീഷനെ അറിയിച്ച സുധാകരൻ്റെ ഇത്തവണത്തെ സത്യവാങ്മൂലത്തിൽ വീടിൻ്റെ വിസ്തീർണം 7405 സ്ക്വയർ ഫീറ്റായി കുതിച്ചുയർന്നു. വരാന്ത മാത്രം 2172 സ്ക്വയർ ഫീറ്റ്.
ഈ സത്യവാങ്മൂലത്തിൽ ആഡംബര വസതിയുടെ യഥാർഥ വലുപ്പം സുധാകരൻ മറച്ചുവെച്ചു. 5242 സ്ക്വയർ ഫീറ്റാണ് സത്യവാങ്മൂലത്തിൽ കുറച്ചു കാട്ടിയത്. വിലകൂടിയ മാർബിളും തേക്ക് ഉൾപ്പെടെയുള്ള തടികളും ഉപയോഗിച്ചാണ് ഈ സൗധം കെട്ടിപ്പൊക്കിയത്. വിശാലമായ നിലം, കരിങ്കല്ലിലാണ് ഒരുക്കിയത്. വീടിനകത്തെ അലങ്കാരങ്ങളും ഫർണിച്ചറും ഇതിനുപുറമെ. വീട്ടിൽ ജിം ഉൾപ്പെടെ വൻ സജ്ജീകരണങ്ങളുണ്ട്. സ്ഥലം വാങ്ങിയാണ് വീട് നിർമിച്ചത്.
ആഡംബരനികുതി ഉൾപ്പെടെ വീടിന് പ്രതിവർഷം ഇരുപതിനായിരം രൂപയിലേറെ കണ്ണൂർ കോർപറേഷന് അടയ്ക്കുന്നു. എടക്കാട് സോണലിൽ എടക്കാട് വില്ലേജിലെ നടാൽ ആലിങ്കീഴിൽ റീസർവേ നമ്പർ 54 ൽ 91, 138, 140, 384, 387 എന്നീ അഞ്ച് പ്ലോട്ടുകളിലായാണ് വീട് നിർമിച്ചത്. കുമ്പക്കുടി സുധാകരൻ, അജിത്കുമാർ എന്നിവരുടെ പേരിലാണ് ഭൂമിയും വീടും. സുധാകരൻ്റെ അടുത്ത ബന്ധുവാണ് അജിത്കുമാർ.
വീട് നിർമാണം നടന്നു കൊണ്ടിരിക്കെ ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത് എംപിയുടെ ശമ്പളം മാത്രമാണ് തൻ്റെ വ്യക്തിഗത വരുമാനമെന്നാണ്. എയ്ഡഡ് സ്കൂൾ അധ്യാപികയായിരുന്ന ഭാര്യയുടെ വരുമാനംകൂടി കണക്കാക്കിയാലും ഇങ്ങനെയൊരു സൗധം നിർമിക്കാനാകില്ല. 2010ൽ ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ ട്രസ്റ്റ് രൂപീകരിച്ച് ഗൾഫിൽനിന്നുൾപ്പെടെ സുധാകരൻ 16 കോടി പിരിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. 2012ലാണ് ഈ സൗധത്തിൻ്റെ നിർമാണം ആരംഭിച്ചത്.