തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ദുബായ് ആസ്ഥാനമായുള്ള ഫ്ലോറ ഹോട്ടൽ ശൃംഖലയിൽ ബിനാമി നിക്ഷേപമുണ്ടെന്ന് മുൻ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ മൊഴി. പുനർജനി തട്ടിപ്പു കേസിൽ അന്വേഷണ നേരിടുന്ന സമയത്താണ് വി ഡി സതീശനെതിരെ മറ്റൊരു ഗുരുതര ആരോപണം കൂടെ പുറത്ത് വരുന്നത്. യൂത്ത്കോൺഗ്രസ് എറണാകുളം മുൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര പ്രസാദാണ് വിജിലൻസിന് മൊഴി നൽകിയത്. എറണാകുളം ജില്ലയിൽനിന്നുള്ള മുൻ കെഎസ്യു നേതാവ് അനുര മത്തായിയാണ് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നതെന്നും മൊഴിയിൽ പറയുന്നു.
സതീശന് പങ്കാളിത്തമുള്ള റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് പുനർജനിയുടെ പേരിൽ എംഎൽഎ ഫണ്ട് ചെലവഴിച്ച് റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. പുനർജനി റോഡ് നിർമിച്ച നെൽവയൽ, ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കാനും ഗൂഢാലോചന നടന്നു. ചിറ്റാറ്റുകര കൃഷി ഓഫീസറായിരുന്ന വ്യക്തിയും ഇതിൽ പങ്കാളിയാണ്. ഇവിടെ വീട് നിർമിച്ചു നൽകിയ സ്ത്രീക്ക് മറ്റൊരിടത്ത് ഭൂമിയുണ്ട്. നെൽവയൽ നികത്തിയ സ്ഥലത്ത് വീടുണ്ടാക്കിയതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് താൽപ്പര്യമാണ്. സതീശൻ്റെ നേതൃത്വത്തിൽ നടക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടിൻ്റെ ഭാഗമായാണ് പുനർജനി പദ്ധതിയിലെ റോഡും എളന്തിക്കരയിലെ ശാരദവിദ്യാമന്ദിർ ഉടമയുടെ പാടത്തെ ഫ്ളാറ്റ് തറക്കല്ലിടലും.
പുനർജനി പദ്ധതിയുടെ പേരിൽ നിയമവിരുദ്ധമായി പിരിച്ച കോടിക്കണക്കിന് രൂപ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി, മണപ്പാട്ട് ഫൗണ്ടേഷൻ തുടങ്ങി രണ്ട് എൻജിഒ വഴി സതീശൻ്റെ സുഹൃത്തിൻ്റെ മകൻ്റെ ഉടമസ്ഥതയിൽ ഖത്തറിലുള്ള വ്യവസായങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഈ ബിനാമി ഗ്രൂപ്പാണ് സതീശൻ്റെ വിദേശയാത്രകൾക്ക് സഹായംചെയ്യുന്നത്. ബിനാമികളിലൊരാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ചേംബറിലെത്തിയിരുന്നു. പുനർജനി പദ്ധതിയിൽ സമാഹരിച്ച വിദേശപണം ഖത്തറിലെയും നാട്ടിലെയും ബിസിനസുകളിൽ നിക്ഷേപിച്ചതിനെ സംബന്ധിച്ചായിരുന്നു ചർച്ച. പുനർജനി പദ്ധതിയിൽ സ്പോൺസർമാർക്ക് കരാറുകാരെ നൽകിയും സതീശൻ കമീഷൻ കൈപ്പറ്റിയെന്നും രാജേന്ദ്ര പ്രസാദ് വിജിലൻസിനെ അറിയിച്ചിട്ടുണ്ട്.