കൊച്ചി: മോൻസൺ മാവുങ്കലിൻ്റെ പുരാവസ്തുതട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. സുധാകരൻ്റെ പങ്കാളിത്തം, ഒന്നാംപ്രതി മോൻസൺ മാവുങ്കലുമായുള്ള അടുത്തബന്ധം എന്നിവ വ്യക്തമാക്കുന്ന വീഡിയോ, ഓഡിയോ തെളിവുകളുൾപ്പെടെ ക്രൈംബ്രാഞ്ചിൻ്റെ പക്കലുണ്ട്. സുധാകരൻ്റെ മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കുമ്പോൾ സുപ്രധാന തെളിവുകൾ ഹൈക്കോടതിയിൽ അന്വേഷകസംഘം സമർപ്പിക്കും. ഹർജി പരിഗണിച്ചശേഷമാകും സുധാകരനെ വീണ്ടും ചോദ്യംചെയ്യുക. വിശദമായി ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും കോടതിയെ ബോധ്യപ്പെടുത്തും. ജൂലൈ ആദ്യവാരമാകും ഹർജി പരിഗണിക്കുക.
മോൻസണിൽനിന്ന് 15 ലക്ഷത്തിലേറെ രൂപ കൈപ്പറ്റിയ, സുധാകരൻ്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എബിൻ എബ്രഹാമിനെയും ഉടൻ കസ്റ്റഡിയിലെടുക്കും. എറണാകുളം ജില്ലയിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരന്റെ ഇടനിലക്കാരനായി നിന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. എബിൻ കൈപ്പറ്റിയ അത്രയും ഭീമമായ തുക ഇയാളും മോൻസണിൽനിന്ന് വാങ്ങിയിട്ടുണ്ട്. ഈ പണമെല്ലാം സുധാകരനുവേണ്ടിയാണ് ഇവർ വാങ്ങിയതെന്നാണ് വിവരം. രണ്ടുപേരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
സുധാകരനെ അടുത്തതവണ ചോദ്യംചെയ്യുമ്പോൾ പരാതിക്കാർക്കുപുറമേ ഇവരെയും ഒപ്പമിരുത്തും. കേസിലെ മൂന്നാം പ്രതിയായ ഐജി ജി ലക്ഷ്മൺ, നാലാം പ്രതി മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവരെയും ഉടൻ ചോദ്യംചെയ്യും.