കൊച്ചി: മുൻ കെഎസ്യു നേതാവ് നിർമ്മൽ മാധവ് അറസ്റ്റിൽ. പണമിടപാടുമായി ബന്ധപ്പെട്ട് ഒരാളെ തട്ടി കൊണ്ടുപോയകേസിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ ലീഡറായ ഇയാളെ മലപ്പുറത്ത് നിന്നാണ് പിടികൂടിയത്. എടപ്പറ്റ സ്വദേശിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ മംഗലം മാധവമന്ദിരത്തിൽ നിർമ്മൽ ഇന്നലെ പിടിയിലായത്.
12 വർഷം മുമ്പ് നീണ്ടുനിന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് കാരണക്കാരനായ അനധികൃത പ്രവേശന കേസിലെ നായകനാണ് നിർമ്മൽ മാധവ്. 2011ൽ ഉമ്മൻചാണ്ടി അനധികൃതമായി കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ.എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം നൽകിയ കെഎസ്യു നേതാവ്. ഇതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരം ചെയ്ത വിദ്യാർഥികളെ അതിക്രൂരമായി തല്ലിചതച്ചും വെടിവെയ്പ്പിലേക്ക് വരെ എത്തിച്ചുമാണ് പോലീസും മുഖ്യമന്ത്രിയും ആ സമരത്തെ നേരിട്ടത്.
സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിയായിരിക്കിക്കെ കോഴ്സ് ഉപേക്ഷിച്ച നിർമ്മൽ മാധവിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചണ്ടി കോഴിക്കോട് എഞ്ചിനീയറിങ് കോളേജിൽ അനധികൃതമായി പ്രവേശനം നൽകുകയായിരുന്നു. എൻട്രൻസ് പരീക്ഷയിൽ 22,784 റാങ്ക് നേടിയ നിർമ്മൽ സ്വാശ്രയ കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് കോഴ്സിൽ ചേരുന്നു. ഒന്നും രണ്ടും സെമസ്റ്ററിന് ശേഷം അവിടെ നിന്നും റിലീവ് വാങ്ങി മറ്റൊരു സ്വാശ്രയ കോളേജിൽ സിവിൽ എഞ്ചിനിയറിങിന് ചേരുന്നു. അടുത്ത വർഷം ഉമ്മൻചാണ്ടി പ്രത്യേക ഉത്തരവിറക്കി കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനിയറിങ് അഞ്ചാം സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നു. മെറിറ്റും സംവരണ മാനദണ്ഡങ്ങളും എല്ലാം അട്ടിമറിച്ചുള്ള പ്രവേശനം .
2000 റാങ്കിനുള്ളിൽ ഉൾപ്പെട്ട മിടുക്കരായ വിദ്യാർഥികൾ പഠിക്കുന്ന ക്യാമ്പസിലേക്കാണ് 22,784 -ാം റാങ്കുകാരനെ തിരുകി കയറ്റിയത്. അതും മുന്നും നാലും സെമസ്റ്റർ പഠിക്കാത്ത, പരീക്ഷയെഴുതാത്ത, റിലീവ് വാങ്ങി പോന്ന കോഴ്സിലേക്ക്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയ ആയിരക്കണക്കിന് കുട്ടികളുടെ തലയ്ക്കുമുകളിൽ ഒരു താഴ്ന്ന റാങ്കുകാരനെ എല്ലാ മര്യാദകളും ലംഘിച്ച് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.
മാനേജ്മെന്റ്ക്വോട്ടയിൽ ഉയർന്ന ഫീസ് നൽകി പ്രവേശനം നേടിയ നിർമൽ മൂന്നും നാലും സെമസ്റ്ററിൽ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റർ പരീക്ഷ എഴുതുകയോ ക്ലാസിൽ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാർഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റർ പഠിക്കാൻ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജിൽ പഠിക്കുന്ന ഒരാൾക്ക് സർക്കാർ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ലാതിരിക്കെയായിരുന്നു ആ വഴിവിട്ട നീക്കങ്ങൾ.