ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയുള്ളത് ഗൗരവമേറിയ തട്ടിപ്പ് കേസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സുധാകരൻ ഉൾപ്പെട്ടത് രാഷ്ട്രീയ കേസിലല്ല, ഗൗരവമേറിയ തട്ടിപ്പ് കേസിലാണ്. രാഷ്ട്രീയ പ്രേരിതമായല്ല സുധാകരനെതിരെ നടപടിയെടുത്തത്. വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണോ വേണ്ടേയെന്നത് ഞങ്ങളുടെ വിഷയമല്ല. അത് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണ്. സുധാകരൻ പദവിയിൽ തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പ്രതിപക്ഷ യോഗവും സുധാകരൻ്റെ അറസ്റ്റും തമ്മിൽ ബന്ധമില്ലെന്നും അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി ജെ പിയാണ് മുഖ്യശത്രുവെന്നും കേരളത്തിൽ കോൺഗ്രസ് ബി ജെ പിയുടെ ബി ടീം ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം മോൻസൺ മാവുങ്കൽ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കാർ തടഞ്ഞു. കാർ ഏതോ മന്ത്രിയുടേതെന്ന് കരുതിയാണ് തടഞ്ഞത്. പ്രതിപക്ഷ നേതാവ് കാറിൻ്റെ ഗ്ലാസ് താഴ്ത്തിയതോടെയാണ് തങ്ങൾക്ക് അമളിപറ്റിയെന്ന് പ്രവർത്തകർ മനസിലാക്കിയത്.