എം രഘുനാഥ്
ഹൈക്കോടതിയുടെ ഒരു നടപടിക്രമം എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങൾ വളച്ചൊടിക്കുന്നതെന്ന് പരിശോധിച്ചാൽ തന്നെ അവരുടെ നിഷ്പക്ഷതയും സത്യസന്ധതയും ആത്മാർഥതയും പൊതുജനങ്ങൾക്ക് ബോധ്യമാകും. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിപക്ഷ മുൻ നേതാവും ഇപ്പോഴത്തെ നേതാവും ആളിക്കത്തിക്കാൻ ശ്രമിച്ച ആർടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ വിവാദം തന്നെ വിഷയം. ഇതുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കാതെ ഉരുണ്ടുകളിക്കുകയായിരുന്നു പ്രതിപക്ഷം. അഴിമതി ആരോപണമുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കൂ എന്ന് ഭരണപക്ഷം വീണ്ടും വീണ്ടും വെല്ലുവിളിച്ചപ്പോൾ മാത്രമാണ് നേതാവും മുൻ നേതാവും ഒരു പൊതുതാൽപര്യ ഹർജി നൽകിയത്. ആ ഹർജിയിൽ ആവശ്യപ്പെട്ടത് ആർടിഫിഷ്യൽ ക്യാമറ ഇടപാട് അന്വേഷിക്കണം, എ–-ഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണം. എന്നാൽ ഹർജി കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എന്താണ് ചെയ്തത്. ഈ ഹർജി ഹൈക്കോടതി ഫയലിൽ പോലും സ്വീകരിച്ചില്ല. അങ്ങനെ സ്വീകരിക്കാത്തപ്പോഴും സാധാരണ നിലയിൽ ഇത്തരം ഘട്ടങ്ങളിൽ എതിർകക്ഷിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയാണ് പതിവ്. ഇവിടെ അതുമല്ല നടന്നത്. ഹറജിക്കാരോട് കൂടി വിശദമായ സത്യവാങ്മുലം നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു. കൂടാതെ സർക്കാറിൽ നിന്നും ഹർജിക്കാർ പ്രതീക്ഷിക്കുന്ന പൂർണ്ണ അഴിമതി രഹിത സമീപനം ഹർജിക്കാറും പാലിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നു. എന്താണ് ഇതിലൂടെഅർഥമാക്കേണ്ടത്? ഹർജിക്കാരുടെ സത്യസന്ധതയിലും ആത്മാർഥതയിലും കോടതി എത്രത്തോളം വിശ്വാസം അർപ്പിക്കുന്നു എന്ന ചോദ്യമല്ലേ? അതോടൊപ്പം ഹർജിക്കാരുടെ ഉദ്ദേശം അഴിമതി തടയുകയല്ല എന്നും കോടതിക്ക് തോന്നിക്കാണുമെന്നും വ്യക്തമല്ലേ?
അത്തരമൊരു കോടതി ഉത്തരവ് വന്ന ഉടനെ നമ്മുടെ ദൃശ്യമാധ്യമങ്ങൾ കാട്ടിക്കൂട്ടിയതെന്തൊക്കെയാണ്? സംസ്ഥാന സർക്കാറിന് തിരിച്ചടി, പ്രതിപക്ഷത്തിന് പ്രശംസ. പ്രതിപക്ഷം പറഞ്ഞതെല്ലാം ഹൈക്കോടതി ശരിവെച്ചിരിക്കുന്നു. മാധ്യമങ്ങൾ കാളപെറ്റു എന്ന് പറയുമ്പോഴെക്കും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സതീശൻജിയും ചെന്നിത്തലജിയും സുധാകരൻജിയും തൂവെള്ള ഖദറുമായി ചാനലുകൾക്ക് മുന്നിൽ വന്ന് സർക്കാറിനെതിരെ ആഞ്ഞടിച്ചു. അതും ഇതേ മാധ്യമങ്ങൾ ഏറ്റ് പിടിച്ച് പകലന്തിയോളം ചർച്ചിച്ച് ചർച്ചിച്ച് മുന്നേറി. ഹൈക്കോടതി ഉത്തരവിൻ്റെ പകർപ്പ് പൂർണ്ണമായും പുറത്ത് വന്നിട്ടും മന്ത്രിമാരായ ആന്റണി രാജുവും പി രാജീവും ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങൾ ഇഴകീറി അവതരിപ്പിച്ചിട്ടും മാധ്യമ പ്രവർത്തകർ തൃപ്തരായില്ല. സംഘപരിവാർ ദത്തെടുത്ത പേട്ട പത്രവും കാപ്പിത്തോട്ടം ഉടമകളും ചേനക്കച്ചവടക്കാരും നടത്തുന്ന അഭിനവ കാവി ഭൂമിയും അതേ നുണ ആവർത്തിച്ച് ഒന്നാം പേജ് ലീഡ് വാർത്തയാക്കി. കാവിഭൂമി നൽകിയ തലക്കെട്ട് കോടതിയിൽ കുടുങ്ങി എന്നാണ്. ആ കുരുക്ക് എവിടെയാണെന്ന് വ്യക്തമാക്കാൻ എം വി ശ്രേയാംസ്കുമാറിനും പി വി ചന്ദ്രനും പി വി ഗംഗാധരനും ഉത്തരവാദിത്തമുണ്ട്. ഹൈക്കോടതി ഉത്തരവ് പോലും ഇങ്ങനെ വളച്ചൊടിക്കുന്നത് അന്തസിന് ചേർന്നതാണൊ? സർക്കാറിനടക്കം നോട്ടീസ് എന്നാണ് ആ പന്ത്രത്തിൻ്റെ ഹൈലൈറ്റ്സ്. ഒരു പരാതി ലഭിച്ചാൽ ഒറ്റയടിക്ക് ഫയലിൽ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതിന് പകരം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കുകയെന്ന സാധാരണ നടപടി ക്രമം എന്ന് അറിയാത്തവരാണോ ആ പത്രത്തിലെ ജോലിക്കാർ? ഇക്കാര്യത്തിൽ കണ്ടത്തിൽ പത്രം കാണിച്ച യുക്തിയെങ്കിലും കാണിക്കാൻ കഴിയാത്ത മന്ദബുദ്ധികളാണോ ആ പത്രത്തിന്റെ തലപ്പത്തിരിക്കുന്നത്?
ഒറ്റ നോട്ടത്തിൽ സർക്കാറിനെതിരെ എന്ന് തോന്നിപ്പിക്കും വിധം കണ്ടത്തിൽ പത്രം ഹൈക്കോടതി ഉത്തരവ് സൂപ്പർ ലീഡ് ആക്കിയെങ്കിലും ഉരുണ്ടുകളി വ്യക്തമാണ്. കോടതി പരിശോധിക്കുമെന്ന് പറഞ്ഞത് ഹർജിക്കാർ ഉന്നയിക്കുന്ന വാദമാണ്. അത് പെട്ടിക്കോളത്തിൽ ആ പത്രം കൊടുത്തിട്ടുണ്ട്. പദ്ധതിയുടെ മാറ്റങ്ങൾക്ക് പിന്നിൽ നല്ല ഉദ്ദേശമോ മറ്റ് താൽപര്യങ്ങളോ? ബൂട്ട് രീതിക്ക് പകരം പണം നൽകി നടപ്പാക്കുന്ന രീതിയാക്കിയത് സർക്കാറിന് അധികച്ചെലവുണ്ടാക്കിയോ? മന്ത്രിസഭാ യോഗത്തിൽ പ്രധാനമായി പരിഗണിക്കാതെയാണോ പദ്ധതിക്ക് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്? ഈ മൂന്ന് ചോദ്യങ്ങൾ വരുന്നത് ഹർജിയിൽ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ ആരോപണങ്ങൾ അതേപടി അംഗീകരിച്ച് ഹർജി ഫയലിൽ സ്വീകരിക്കുകയല്ല കോടതി ചെയ്തത്. മറിച്ച് ഹർജിക്കാർ പറയുന്ന ആരോപണത്തിലെ സത്യാവസ്ഥ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് പരിശോധിക്കുന്നതിന് മുമ്പാണ് സർക്കാറിനോട് വിശദാംശങ്ങൾ ചോദിക്കുന്നത്. അതിന് രണ്ടാഴ്ച സമയം നൽകിയിരിക്കുന്നു. അതും കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമേ ഹർജിയിൽ പ്രാഥമിക പരിശോധന പോലും നടത്തുന്നുള്ളൂ. ഇതിൽ ഹൈക്കോതി ആകെ പറഞ്ഞത് എന്താണ്? മൂന്നാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കുന്നത് വരെ കരാറുകാർക്ക് പണം നൽകുകയാണെങ്കിൽ അത് കോടതി അറിവോടെ ആയിരിക്കണം. അല്ലെങ്കിൽ തുടർ ഉത്തരവ് അനുസരിച്ചായിരിക്കണം.
അതായത് ഈ വിഷയത്തിൽ മനോരമ കൊടുത്ത തലക്കെട്ടിൽ പറയും പോലെ തലക്കെട്ടിൽപറയും പോലെ കരാറുകാർക്ക് പണം നൽകുന്നതും തടഞ്ഞിട്ടില്ല. കോടതി സമ്മതത്തോടെയായിരിക്കണം എന്ന് മാത്രം. അതായത് ഈ ഹർജിയിൽ ഹൈക്കോടതി കാര്യമായ ഒരു ഇടപെടലും നടത്തിയിട്ടേ ഇല്ല. മനോരമ വാർത്തയുടെ ഉള്ളടക്കം പരിശോധിച്ചാൽ പോലും അരിയാഹാരം കഴിക്കുന്നവർക്ക് കാര്യം ബോധ്യപ്പെടും. വാർത്ത നൽകുന്നവർക്ക് അങ്ങനെയല്ല എന്ന് തന്നെയാണ് പറഞ്ഞ് വരുന്നത്. ഇന്നും ചില ചാനലുകൾ ഹൈക്കോടതി ഉത്തരവ് സർക്കാറിന് തിരിച്ചടി എന്ന നിലയിൽ അവതരിപ്പിക്കാനായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ വരെ പ്രതികരണം തേടാൻ ശ്രമിക്കുകയാണ്. സ. കാനം സ്പഷ്ടമായി പറഞ്ഞിട്ടും തൃപ്തി വരാത്ത ഈ മാപ്രകളുടെ തൊലിക്കട്ടി അപാരമാണ്. എസ്എഫ്ഐയുടെ ഒരു മുൻ ഏരിയ സെക്രട്ടറിയാണൊ അതോ കെപിസിസി അധ്യക്ഷനാണോ കൂടുതൽ വലുപ്പം. മാപ്രകളെ സംബന്ധിച്ചിടത്തോളം തീർച്ചയായും കൂടുതൽ വലുപ്പം മുൻ എസ്എഫ്ഐക്കാരന് തന്നെ. എസ്എഫ്ഐക്കാരനെതിരെ ഒരു ആരോപണം ഉയർന്നപ്പോൾ തന്നെ സ്ഥാനങ്ങളിൽ നിന്നും നീക്കി. തുടരന്വേഷണത്തിൽ അയാൾ ഗുരുതരമായ കുറ്റകൃത്യം നടത്തി എന്ന് ബോധ്യമായപ്പോൾ പ്രാഥമികാംഗത്വത്തിൽ നിന്നും വരെ പുറത്താക്കി. ഇത്രയും തത്വാധിഷ്ഠിത നിലപാട് ഒരു വിദ്യാർഥി സംഘടന സ്വീകരിച്ചപ്പോൾ കേരളത്തിലെ പ്രധാന പ്രതിപക്ഷ പാർടി എടുത്ത നിലപാട് എന്താണ്. വ്യക്തമായ തെളിവ് സഹിതം ആ പാർടിയുടെ സംസ്ഥാനാധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെ ആരോപണം ഉയർന്നിട്ടും മാധ്യമങ്ങളാകെ സംരക്ഷണ കവചമൊരുക്കുന്നു. കെപിസിസി അധ്യക്ഷൻ വിവാദ വെളിപ്പെടുത്തൽ നടത്തിയിട്ടും മാധ്യമങ്ങളിൽ നിന്നും ഒരു ചോദ്യവും ഉയരുന്നുമില്ല.
താൻ ആവശ്യപ്പെട്ട സഹായങ്ങളെല്ലാം മോൻസൺ ചെയ്ത് തന്നുവെന്നാണ് സുധാകരൻ വെളിപ്പെടുത്തിയത്. വളരെ സ്നേഹപൂർവം പെരുമാറിയ ആളാണെന്നും അദ്ദേഹത്തെ ശത്രുവായി കാണാനാകില്ലെന്നും ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നു. പോക്സോ കേസിൽ ശിക്ഷിച്ചുവെന്നതുകൊണ്ട് വെറുക്കേണ്ട കാര്യമില്ലെന്നും പറയുന്നു. പറയുന്നത് വെറും കെപിസിസി പ്രസിഡന്റല്ല. ലോകസഭാംഗം കൂടിയാണ്. നിയമം പാലിക്കാൻ മാതൃകയാകേണ്ട ഈ ജനപ്രതിനിധിയാണ് സമൂഹം വെറുക്കപ്പെടേണ്ട ശിശുപീഢകനെ വെറുക്കേണ്ട കാര്യമില്ല എന്ന് ആഹ്വാനം ചെയ്യുന്നത്. അയാൾക്ക് ചെയ്ത തെറ്റിന് കുറ്റബോധം ഉള്ളതിനാൽ ശത്രുവായി കാണേണ്ട എന്നും പറയുന്നു. അതായത് കോടതിയുടെ ശിക്ഷാ വിധി പോലും അംഗീകരിക്കാൻ സുധാകരൻ തയ്യാറാകുന്നില്ല. ഇങ്ങനെ ഒരു ക്രിമിനലിനെ സംരക്ഷിക്കാൻ കെപിസിസി പ്രസിഡന്റ് എന്തുകൊണ്ട് മുന്നോട്ട് വരുന്നു. ആ ചോദ്യം ചോദിക്കാൻ ഒരു മാധ്യമവും തയ്യാറാകുന്നില്ല. മറിച്ച് ഈ നേതാവിന് മുന്നിലും പഞ്ച പുഛമടക്കി നിൽക്കുകയുമാണ്. ഇവിടെ ഉയരുനന ചോദ്യങ്ങൾ പലതാണ്. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ചെയ്ത സഹായങ്ങളെന്ത്? പോക്സോ കേസിൽ ആജീവനാന്ത കഠിന തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയെ പിന്തുണയ്ക്കുന്നത് എന്തുകൊണ്ട്? രാഷ്ട്രീയ കേരളം ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾകെ സുധാകരൻ്റെയും കോൺഗ്രസ് നേതാക്കളുടെയും പ്രതിരോധം തകർന്നടിയുമെന്നതാണ് മാധ്യമങ്ങളെ സങ്കടപ്പെടുത്തുന്നത് എന്ന് വേണം കാണാൻ. മോൻസണുമായുള്ള സുധാകരൻ്റെ ബന്ധം ചൂണ്ടിക്കാട്ടിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും ദേശാഭിമാനിയെയും ആക്ഷേപിക്കുന്ന മാധ്യമങ്ങൾ ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്.
മോൻസണും സുധാകരനും തമ്മിൽ പൊതുസമൂഹം കരുതുന്നതിലുമപ്പുറം ശക്തമായ ബന്ധമുണ്ടെന്നാണ് സുധാകരന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മോൺസണെതിരെ മിണ്ടിയാലുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സുധാകരൻ ഭയക്കുന്നു. മാത്രമല്ല, മോൻസൺ സ്വമേധയാ പ്രതികരിക്കാതിരിക്കാനും കൂടിയായിരിക്കാം അകമഴിഞ്ഞ ഈ പിന്തുണയും.