ഒന്നരമാസത്തിലേറെയായി കലാപം ആളിക്കത്തുന്ന മണിപ്പൂരിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി രംഗത്ത്. നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ബഹിഷ്കരിച്ചുകൊണ്ടാണ് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചത്. ഇംഫാൽ വെസ്റ്റ് ഡിസ്ട്രിക്റ്റിലെ സിങ്ജാമേ മാർക്കറ്റിലും കാക്ചിങ് ജില്ലയിലെ മാർക്കറ്റിലുമാണ് ശക്തമായ പ്രധിഷേധം നടന്നത്.
പ്രതിഷേധക്കാർ മൻ കി ബാത്ത് കേൾക്കുന്ന റേഡിയോ സെറ്റുകൾ നിലത്തിട്ട് ചവിട്ടുകയും വലിച്ചെറിയുകയും ചെയ്തു. മോദി സർക്കാരിനെതിരെ മുദ്രവാക്യങ്ങൾ വിളിക്കുകയും ചെയ്തു. ഇനി മോദിയുടെ ശബ്ദം കേൾക്കാൻ തയ്യാറല്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. മൻ കി ബാത്തിന്റെ 102–ാം പതിപ്പിൽ അടിയന്തരാവസ്ഥ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന് പറഞ്ഞ മോദി മണിപ്പൂരിലെ സംഘർഷത്തെ കുറിച്ച് ഒരു വാക്കു പോലും മിണ്ടിയില്ല. ഇതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.