ദില്ലി നെഹ്റു മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതികരിക്കാത്ത കേരളത്തിലെ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ്. കേരളത്തെ മറ്റൊരു മണിപ്പൂരാക്കാനുള്ള ക്രിസംഘി കൃമികളുടെ മുഖ-മഞ്ഞപ്പത്രത്തിന് പിന്തുണ കൊടുക്കുന്ന തിരക്കിലാണ് കോൺഗ്രസ് നേതാക്കളെന്ന് കെ.ജെ ജേക്കബ് വിമർശിച്ചു. ജവഹർലാൽ നെഹ്റുവിൻ്റെ പേരിലുള്ള സർവ്വകലാശാലയുടെ അഡ്മിഷൻ രജിസ്റ്ററിൽ എവിടെയോ പേരുണ്ടെന്നത് കൊമ്പന് നെറ്റിപ്പട്ടം പോലെ കൊണ്ടുനടക്കുന്നവരും തിരക്കിലാണ്. നെഹ്റു മ്യൂസിയത്തിൻ്റെ പേര് നെഹ്റു മെമ്മോറിയൽ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നാക്കിക്കൂടെ എന്ന് ട്വീറ്റ് ചെയ്ത ശശി തരൂരിനേയും കെ.ജെ ജേക്കബ് വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഡൽഹിയിൽ പോയപ്പോൾ ഏറ്റവുമധികം സമയം ചെലവഴിച്ച ഒറ്റ സ്ഥലം നെഹ്റു മ്യൂസിയം ആൻഡ് ലൈബ്രറിയാണ്. ഒട്ടു മിക്കവാറും സ്ഥലങ്ങൾ മകളെ കാണിച്ചുകൊടുത്തു. തീൻ മൂർത്തി ഭവൻ.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ഔദ്യോഗിക വസതി. മതഭ്രാന്ത് മദംപൊട്ടിയൊലിക്കുന്നതിനിടയിൽ ജന്മം കൊണ്ട ഒരു രാജ്യത്തെ കൈവിട്ടുപോകാതെ കൈപിടിച്ചു നടത്തിയ ഒരു മഹാ മനീഷി ശ്വാസമെടുത്തിരുന്ന ഇടങ്ങളെ ഒരു വിശുദ്ധസ്ഥലം പോലെ കൊണ്ടുനടന്നു കാണിച്ചു. എല്ലാ അച്ഛന്മാർക്കും പണ്ഡിറ്റ് നെഹ്രുവിനെപ്പോലെ മകൾക്കെഴുതാനാവില്ല; പക്ഷെ പണ്ഡിറ്റ് നെഹ്റുവിനെ ഓർമ്മപ്പെടുത്താനാവും.
അവളുടെ ഓർമ്മയിൽ, ബോധത്തിൽ, പ്രജ്ഞയിൽ നെഹ്റുവുണ്ടാവണം.
ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പേര് എഴുതുമ്പോൾ ഒന്നാമത് ജവഹർലാൽ നെഹ്രുവിന്റെ പേര് വരും. അതിന്റെയർത്ഥം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ ഒരാൾ എന്നല്ല. അങ്ങിനെയാക്കാനുള്ള കൊച്ചുമനുഷ്യരുടെ, വെറും കൊച്ചുമനുഷ്യരുടെ, കൊണ്ടുപിടിച്ച ശ്രമത്തിൻ്റെ, പ്രതിഫലനമാണ് കഴിഞ്ഞ ദിവസം കണ്ടത്. നെഹ്റു മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നാക്കി മാറ്റി.
ആ പണി ശരീരം കൊണ്ട് മാത്രമല്ല ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽത്തന്നെ ഉയരമുള്ള രാജ്നാഥ് സിംഗിൻ്റെ തലയിൽ വന്നു വീണു.
വിജയൻ പറഞ്ഞപോലെ ‘നിശോകം’.
ആ പണിയേൽപ്പിച്ച, ചരിത്രത്തോട് യുദ്ധം ചെയ്യാൻ വിധിക്കപ്പെട്ട ആ കൊച്ചുമനുഷ്യനോടു നമ്മൾ പൊറുക്കുക. പണ്ഡിറ്റ് നെഹ്രുവിൻ്റെ പേരുവരുന്ന ഒരു പട്ടികയിൽ പെട്ടുപോയയതിൻ്റെ പേരിൽ അയാളനുഭവിക്കുന്ന പീഡനം നമുക്കൂഹിക്കാവുന്നതിനും അപ്പുറത്താണ്. പക്ഷെ നമ്മൾ പൊറുക്കരുതാത്ത ഒരു കൂട്ടരുണ്ട്. അത് കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ്. മിനിയാന്ന് ഈ വാർത്ത വരുന്നതുമുതൽ ഞാൻ നോക്കുകയാണ്, കേരളത്തിലെ ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ വാർത്തയോട് പ്രതികരിച്ചോയെന്ന്. അവർ തിരക്കിലാണ്. കേരളത്തെ മറ്റൊരു മണിപ്പൂരാക്കാനുള്ള ക്രിസംഘി കൃമികളുടെ മുഖ-മഞ്ഞപ്പത്രത്തിനു പിന്തുണ കൊടുക്കുന്ന തിരക്കിലാണവർ.
ജവഹർലാൽ നെഹ്റുവിൻ്റെ പേരിലുള്ള സർവ്വകലാശാലയുടെ അഡ്മിഷൻ രജിസ്റ്ററിൽ എവിടെയോ പേരുണ്ടെന്നത് കൊമ്പന് നെറ്റിപ്പട്ടം പോലെ കൊണ്ടുനടക്കുന്നവരും തിരക്കിലാണ്, മഞ്ഞ മാധ്യമത്തിന് ഐക്യ ദാർഢ്യം പകരാൻ. ശശി തരൂരിന്റെ ട്വീറ്റ് കണ്ടു: അത് നെഹ്റു മെമ്മോറിയൽ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നാക്കിക്കൂടെ എന്ന്.
നന്നായി സാർ.
അങ്ങയുടെ തിരക്കിനിടയിലും ഒരുമാതിരി രാഹുൽ ഈശ്വർ മട്ടിലുള്ള വർത്തമാനം പറയാൻ സമയം കണ്ടെത്തി എന്നതിൽ.
വേറെയാരും ഇക്കാര്യം അറിഞ്ഞില്ല.
കേരളത്തിലെ കോൺഗ്രസുകാർക്ക് എന്ത് ജവഹർലാൽ നെഹ്റു?
എന്ത് ഇന്ത്യ?