തിരുവനന്തപുരം: പീഡനം നടക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് വീട്ടിലുണ്ടായിരുന്നുവെന്ന അതിജീവിതയുടെ മൊഴി ഗൗരവകരമായി കാണേണ്ട ഒന്നാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്സണ് മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ അതിജീവിതയുടെ മൊഴി പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധാകരന് വീട്ടിലുണ്ടായിട്ടും സഹായിക്കാന്‍ പോലും തയ്യാറായില്ലെന്ന അതിജീവിതയുടെ മൊഴി പ്രധാനമാണെന്നും എംവി ഗോവിന്ദന് പറഞ്ഞു. പോക്സോ കേസില്‍ മോന്സണ് മാവുങ്കലിനെപോലെ തന്നെ സുധാകരനും വലിയ പങ്കുണ്ട്, അതുകൊണ്ട് തന്നെ കേസ് വളരെ ഗൗരവകരമായി കാണേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും എംവി ഗോവിന്ദന് അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് കേരളവുമായി താരതമ്യം ചെയ്യാനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഐ എം നിലപാട്. അന്ന് അവസരവാദപരമായ നിലപാട് സ്വീകരിച്ചവരെല്ലാം ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രധാനപ്പെട്ട വക്താക്കളായി വരുന്നുവെന്നുള്ളത് നല്ലത്.
മാധ്യമപ്രവര്‍ത്തകര്‍ക്കും എല്ലാവര്ക്കും ഒരു നീതിയാണ്. സര്‍ക്കാരിനെയും എസ്എഫ്ഐയെയും വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ ലോകത്തെവിടെയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.