കൊച്ചി > മാധ്യമ മേഖലയിൽ അടിമപ്പണി എടുക്കുന്നവരായി തൊഴിലാളികളെ മാറ്റുന്നതാണ് മുതലാളിമാരുടെ ഇപ്പോഴത്തെ നീക്കമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം എം പി അഭിപ്രായപ്പെട്ടു . മാധ്യമ രംഗത്തെ തൊഴിലാളികളുടെ സുരക്ഷിത്വം ലേബർകോഡ് വന്നതിനു പിന്നാലെ കുറഞ്ഞു . തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ മാധ്യമ രംഗത്തെ യൂണിയനുകൾക്ക് സാധിക്കാതെ വന്നതും പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ കലൂരിലെ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
2014ൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ പ്രസും അനുബന്ധ സംവിധാനങ്ങളും അടച്ചു പൂട്ടിയത് നിയമ വിരുദ്ധമാണെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ച് ജോലിയിൽ തിരികെ പ്രവേശി പ്പിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ .