കൊച്ചി: 17കാരിയെ പീഡിപ്പിച്ചകേസിൽ മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണെ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്. എറണാകുളം പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മോൻസണിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.
2019 ജൂലൈയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീട്ടുജോലിക്കാരി ആയിരുന്ന സ്ത്രീയുടെ മകളെയാണ് ഇയാൾ ക്രൂരമായി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധപൂർവ്വം ഗർഭചിത്രം നടത്തിക്കുകയും ചെയ്തത്. ഇരയുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാം എന്നും പഠനത്തിൻ്റെ കൂടെ കോസ്മെറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും വാഗ്ദാനം നൽകി തെറ്റിദ്ധരിപ്പിച്ചാണ് പീഡനം നടത്തിയത്. കലൂർ വൈലോപ്പിള്ളി ലൈനിലുള്ള വീടും മ്യൂസിയവുമായി ഉപയോഗിക്കുന്ന വീട്ടിലേക്ക് പ്രതി പെൺകുട്ടിയെ കൊണ്ടുവരികയും അവിടെവച്ച് നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു ഗർഭിണിയായതിനെ തുടർന്ന് നിർബന്ധപൂർവ്വം ഗർഭചിത്രം നടത്തി എന്നുമാണ് പ്രോസിക്യൂഷൻ കേസ്.
പുരാവസ്തു തട്ടിപ്പ് കേസിൽ 2021ൽ മോൻസൺ അറസ്റ്റിലായ ശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയത്. മോൻസണെ ഭയന്നിട്ടാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.