കൊച്ചി: പുരാവസ്തുതട്ടിപ്പു കേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കലിൻ്റെ വീട്ടിൽവച്ച് പരാതിക്കാരെ ദൂരെനിന്നുമാത്രമാണ് കണ്ടതെന്ന രണ്ടാംപ്രതി കെ സുധാകരൻ്റെ വാദം പൊളിയുന്നു. കേസിലെ പരാതിക്കാരൻ അനൂപ് മുഹമ്മദിനുമൊപ്പവും മോൻസണിൻ്റെ മുൻ ജീവനക്കാരൻ ജെയ്സണിനൊപ്പവും സുധാകരൻ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
ഒരുതവണ മോൻസണിൻ്റെ വീട്ടിൽവച്ച് പരാതിക്കാരനെയും ജീവനക്കാരെയും ദൂരെനിന്ന് കണ്ടുവെന്നാണ് കെ സുധാകരൻ ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇവർ അകലെ മാറി സോഫയിൽ ഇരിക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇവരുമായി താൻ സാംസാരിച്ചിട്ടില്ലെന്നും സുധാകരൻ അവകാശപ്പെട്ടു. സുധാകരനെ മോൻസണുമായി പരിചയപ്പെടുത്തിയ എബിനൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കേസിലെ പരാതിക്കാരൻ കോഴിക്കോട് സ്വദേശി എം ടി ഷെമീർ വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും.
മോൻസണിൻ്റെ മുൻ ഡ്രൈവർ അജിത്തും മറ്റ് രണ്ട് ജീവനക്കാരായ ജെയ്സണും ജോഷിയുമാണ് സുധാകരൻ പണം വാങ്ങുന്നത് കണ്ടതായി കോടതിയിൽ രഹസ്യമൊഴി നൽകിയത്. തൃശൂർ സ്വദേശി അനൂപ് മുഹമ്മദ് മോൻസണിന് 25 ലക്ഷം രൂപ നൽകി. ഇതിന് സുധാകരൻ ഇടനില നിന്നതായാണ് പരാതിയിലുള്ളത്. അനൂപ് പോയശേഷം ഇതിൽനിന്ന് മോൻസൺ സുധാകരന് 10 ലക്ഷം കൈമാറിയതായാണ് ദൃക്സാക്ഷികളുടെ മൊഴി.