പുല്‍പ്പള്ളി: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ കെ അബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വായ്പാ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുന്ന അബ്രഹാമിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി തള്ളി. വായ്പാ തട്ടിപ്പിനിരയായി പുല്‍പ്പള്ളിയില്‍ കര്ഷകന് ജീവനൊടുക്കിയിരുന്നു. പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത് രാജേന്ദ്രന് നായരാണ് (60) വിഷം കഴിച്ച് മരിച്ചത്.
അബ്രഹാം ബാങ്ക് പ്രസിഡന്റായിരിക്കെ 2016 17ല്‍ 70 സെന്റ് ഈട് നല്കി രാജേന്ദ്രന് 70,000 രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ അബ്രഹാമും മറ്റു ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് രാജേന്ദ്രന്റെ പേരില്‍ 24,30,000 രൂപ വായ്പയായി തട്ടിയെടുത്തു.
പലിശ ഉള്‍പ്പെടെ ഇപ്പോള്‍ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്. ഇത് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാജേന്ദ്രന് ബാങ്ക് നോട്ടീസ് നല്കി. നിരവധി കര്‍ഷകര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരകളായി. ആറു കോടിയിലധികം രൂപയാണ് വിവിധ വായ്പകളുടെ മറവില്‍ അബ്രഹാമും കൂട്ടരും ചേര്‍ന്ന് തട്ടിയെടുത്തത്.