കണ്ണൂര്‍: ഉപജാപക സംഘത്തിന്റെ പിടിയിലായ കണ്ണൂര്‍ ഡിസിസി നേതൃത്വത്തെ പിരിച്ചുവിടാന്‍ കെപിസിസി തയ്യാറാവണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കണ്ണൂര്‍ കോര്പറേഷന് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും. വിശദീകരണം പോലും ചോദിക്കാതെയാണ് പുറത്താക്കല്‍. നടപടി പാര്‍ടി ഭരണഘടനാ ലംഘനമാണ്.
‘ കണ്ണൂര്‍ ഡിസിസിയെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി പുറത്താക്കപ്പെട്ട മമ്പറം മാധവന് ഉള്‍പ്പെടെ സമാന ചിന്തഗതിക്കരുമായി യോജിച്ച് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ പരാജത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ രാജിവച്ച് കഴിവും തന്റേടവും ആത്മാര്‍ഥതയുമുള്ളവരെ നേതൃത്വം ഏല്പിക്കണം.
കണ്ണൂരില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രണ്ടാംനിര നേതൃത്വത്തെ ഉയര്‍ത്തി കൊണ്ടുവരാന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറായില്ല. അതാണ് കഴിവുകെട്ടവര്‍ ഡിസിസി നേതൃത്വത്തിലുള്‍പ്പെടെ വരാന്‍ കാരണമെന്നും രാഗേഷ് വ്യക്തമാക്കി.