എം രഘുനാഥ്
കണ്ണുരില്‍ മനോരോഗിയായ ഒരു ക്രിമിനല്‍ ട്രെയിനില്‍ തീയിട്ടപ്പോള്‍ കേരളത്തെ ആഗോള തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായി ചിത്രീകരിക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രമം. രണ്ട് മാസം മുമ്പ് കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ മറ്റൊരു ക്രിമിനല്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതുമായി ഇതിനെ കൂട്ടിക്കെട്ടാന്‍ സമാനതകള്‍ ഏറെ അവതരിപ്പിച്ചു. രണ്ടും നടന്നത് ഒരേ ട്രെയിനില്‍. രണ്ട് സംഭവം നടന്നതിനും തൊട്ടടുത്ത് എണ്ണ സംഭരണശാല ഉണ്ടായിരുന്നു. ഇതാണ് മാധ്യമ പടുക്കളുടെ താരതമ്യ പഠനത്തിന്റെ അന്ത:സാരം.
പക്ഷെ, പൊടിപ്പും തൊങ്ങലും ചേര്‍ത്ത ആ കഥാരചനകള്‍ക്ക് 12 മണിക്കൂര്‍ പോലും ആയുസ്സില്ലായിരുന്നു. കാരണം പ്രതിയെ കേരള പോലീസ് സമര്‍ഥമായി പിടികൂടി. പ്രതിയുടെ പേര് പ്രസോന്‍ജിത് എന്നാണ്. എലത്തൂരിലെ പ്രതിയുടെ പേര് ഷാറൂഖ് സെയ്ഫി എന്നാണ്. പേരിലെ മാറ്റം പോലും തീവ്രവാദത്തിന്റ അളവ്കോലാക്കുന്ന മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയാണിത്. അതു കൊണ്ടാണ് നുണയുടെ ആയുസ് 12 മണിക്കൂര്‍ പോലും നീളാതിരുന്നത്.
പക്ഷെ മറ്റൊരു വാര്‍ത്തയുടെ ആയുസ് 24 മണിക്കൂര്‍ തികയാത്തത് എന്തുകൊണ്ടായിരിക്കും. ഒഡീഷയില്‍ രാജ്യത്തെ നടുക്കിയ വന്‍ ദുരന്തമാണ് സംഭവിച്ചത്. പക്ഷെ രണ്ടാം നാള് നേരം വെളുക്കുമ്പോഴെക്കും മിക്ക മാധ്യമങ്ങള്‍ക്കും അത് ലീഡ് വാര്‍ത്തയല്ലാതായി. എന്തിനേറെ അന്തിച്ചര്‍ച്ച പോലും അല്ലാതായി. സംഘപരിവാറിന്റെ വെറും പാദസേവകരായി മാറിയ അഭിനവ കാവി ഭൂമിക്ക് ഇന്ന് രണ്ട് ഒന്നാം പേജുണ്ട്.
രണ്ടിലും ലീഡ് സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍. പേട്ട പത്രത്തിനും ലീഡ് റോഡിലെ ക്യാമറ. രണ്ട് പത്രങ്ങള്‍ക്കും ട്രെയിന്‍ ദുരന്ത വാര്‍ത്ത അട്ടിമറി സംശയമാകുമ്പോള് ഇതേ വിഷയം ലീഡ് ആക്കിയ കണ്ടത്തില്‍ പത്രമാകട്ടെ കേന്ദ്രനെയങ്ങ് പച്ചയായി വെള്ള പൂശാനുള്ള ഉപാധിയുമാക്കി. കണ്ടത്തില്‍ ന്യൂസിലെ സുവിശേഷകന് ജോണി ലൂക്കയുടെ പ്രശസ്ത സുവിശേഷമായ ‘സ്പിരിറ്റ് ഓഫ് ദ ടൈം” അല്ലാത്തതു കൊണ്ടാണോ അങ്ങനെ സംഭവിച്ചത്. ഒരിക്കലും അല്ല, തീവണ്ടി ദുരന്തവാര്‍ത്തകള്‍ സവിശേഷമായ അവധാനതയോടെ കൈകാര്യം ചെയ്തത് ഈ മാധ്യമങ്ങളുടെ അടിമവേലയുടെയും ഭയത്തിന്റെയും ദൃഷ്ടാന്തമാണ്.
അതിനുദാഹരണമാണ് മനോരമയുടെ ഓണ്‍ ലൈന്‍ വാര്‍ത്തയില്‍ വരുത്തിയ ഈ എഡിറ്റിംഗ്. വന്ദേ ഭാരത് ഓടിക്കാനുള്ള തിരക്കില്‍ മോദി മറന്ന സുരക്ഷാ സംവിധാനമെന്ന് ആദ്യ വാര്‍ത്ത. നിമിഷങ്ങള്‍ക്കകം എഡിറ്റിംഗ്. വന്ദേ ഭാരത് ഓടിക്കാനുള്ള തിരക്കില്‍ മറന്ന സുരക്ഷാ സംവിധാനമെന്ന്. മോദി ആവിയായി. മോദിയുടെയും അമിത് ഷായുടെയും പേര് പോലും പേടി. അത് മാത്രമോ അവരുടെ ലീഡ് നോക്കൂ. ദുരന്തത്തിന് കാരണം അട്ടിമറിയെന്ന് സ്വന്തം നിലയില്‍ സംശയം പ്രകടിപ്പിക്കുകയാണ്.
അതായത് റെയില്‍വെയുടെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍, അന്തവും കുന്തവുമില്ലാത്ത സിഗ്നല്‍ സംവിധാനത്തിന്റെ പാളിച്ചകള്‍ – ഇതെല്ലാം ചൂണ്ടിക്കാട്ടിയാല്‍ അത് കേന്ദ്ര മേലാളന്മാര്ക്ക് സഹിക്കില്ല. അപ്പോള്‍ ഒരു അട്ടിമറിയിലേക്ക് തെളിച്ചാല്‍ വേണമെങ്കില്‍ ആ ദുരന്തത്തേയും ആഗോള തീവ്രവാദത്തില്‍ കെട്ടി മോഡിക്കും ബിജെപിക്കും കവചമൊരുക്കാനാകും. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സംഘികള്‍ ചെയ്യുന്ന തന്ത്രങ്ങള്‍.
തെരഞ്ഞെടുപ്പ് സമയത്തെ യുദ്ധവും തീവ്രവാദ അക്രമങ്ങളും ഏറെ കണ്ടവരാണല്ലൊ ഓരോ ഇന്ത്യന്‍ പൗരനും. അഥവാ ഒഡീഷ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെങ്കില്‍ അത് പോലും ഭരണകൂട സ്പോണ്‍സേര്‍ഡ് പരിപാടിയാണോ എന്ന് സംശയിക്കേണ്ട കെട്ട കാലമാണിത്. അത്തരം അക്രമങ്ങളും സംഘട്ടനങ്ങളും വ്യാജ ഏറ്റുമുട്ടലുകളും സ്പോണ്സര് ചെയ്യുന്നവരാണ് സംഘികളും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടവും. ഗുസ്തി താരങ്ങളുടെ പോരാട്ടത്തില്‍ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലാണ്. ഇത്തരം ഘട്ടത്തിലാണ് സംഘികളുടെ വ്യാജന്മാര് പതിവായി അരങ്ങേറാറുള്ളതെന്നും കാണണം.
അറവുകാരുടെ കണ്ണീര്ക്കാലമാണിത്. അത് കേന്ദ്ര സര്‍ക്കാര്‍ തൊട്ട് മറുനാടന്‍ സ്കറിയ വരെയുള്ളവരുടെ കണ്ണീരില്‍ കാണാം. മറുനാടന്‍ അടച്ചുപൂട്ടിയതിന്റെ പേരില്‍ ഷാജന് സ്കറിയുടെ നിലവിളിയാണ് കേള്‍ക്കുന്നത്. വ്യാജ രേഖ ചമച്ച് തുടങ്ങിയ സ്ഥാപനം, ഭാര്യയുടെ പേരിലുള്ള അഴിമതികള്‍, രാജ്യത്തിനകത്തും പുറത്തും നിരവധി തട്ടിപ്പ് കേസുകള്‍. അതിലുപരി ബ്ലാക്ക് മെയിലിംഗ്. സംഘസഹയാത്രികനായി ഇതെല്ലാം മൂടിവെച്ച് അവരുടെ തണലില്‍ വാഴുകയായിരുന്നു. ഇപ്പോള്‍ അടപടലം വീണിരിക്കുന്നു. ഈ കണ്ണീര്ക്കരച്ചില് കേള്‍ക്കുമ്പോള്‍ നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാലും ശ്രീനിവാസനും നടത്തുന്ന സംഭാഷണം ആണ് ഓര്‍മ്മ വരുന്നത്. ആ പശുവിന്റെ കരച്ചില് കേള്‍ക്കുന്നത് എത്ര സുന്ദരമാണ്. ഇതെന്താ നമുക്ക് നേരത്തെ തോന്നാതിരുന്നതെന്നതിനുള്ള മറുപടിയാണ് അതി സുന്ദരം. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ….