ന്യൂഡൽഹി: ലൈംഗികാതിക്രമ പരാതിയിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, ഇതിഹാസ താരങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവർ താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെതി.
‘രാജ്യത്തിൻ്റെ അഭിമാനമായ ചാമ്പ്യന്മാർ തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന അസാധാരണമായ കാഴ്ച തങ്ങളെ അസ്വസ്ഥരാക്കുന്നു. കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകൾ ഗംഗാനദിയിലേക്ക് വലിച്ചെറിയേണ്ട സാഹചര്യം ആശങ്കാജനകമാണ്. വർഷങ്ങളുടെ പരിശ്രമം, ത്യാഗം, ദൃഢനിശ്ചയം എന്നിവ ഉൾക്കൊള്ളുന്നതാണ് ആ മെഡലുകൾ. അത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ്’ – 1983 ലോകകപ്പ് ജേതാക്കളായ ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.