തിരുവനന്തപുരം: പ്രളയ ബാധിതർക്ക് വീടുണ്ടാക്കാനെന്ന പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനധികൃതമായി വിദേശഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ട് വിജിലൻസിന് നിർണായക തെളിവുകൾ ലഭിച്ചു. പദവി ദുരുപയോഗത്തിനുൾപ്പെടെ കേസെടുത്ത് വിശദാന്വേഷണത്തിന് വിജിലൻസ് സർക്കാരിൻ്റെ അനുമതി തേടി. ഫയൽ സർക്കാരിൻ്റെ പരിഗണനയിലാണ്.
പറവൂർ മണ്ഡലത്തിൽ 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമിക്കാൻ പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് വൻ പണപ്പിരിവ് നടത്തിയെന്നാണ് പരാതി. യൂത്ത്കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി.എസ് രാജേന്ദ്രപ്രസാദ്, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.
വിദേശരാജ്യങ്ങളിൽനിന്ന് പണപ്പിരിവ് നടത്താൻ 2017-2020 കാലത്ത് സതീശന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട പരാതിയെന്ന നിലയിൽ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക് ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന് കൈമാറിയിരുന്നു. സതീശൻ്റെ ചില വിദേശസുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം കൈമാറിയെന്നാണ് ആരോപണം. പിരിച്ചെടുത്ത പണത്തെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന് സതീശൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും സ്പോൺസർ ചെയ്ത വീടുകൾക്ക് പുനർജനി എന്ന് പേരിട്ടതും വിവാദമായിരുന്നു.