ഡല്‍ഹി: മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് സവര്‍ക്കറെ തിരുകിക്കയറ്റിയത്. സര്‍വകലാശാല അക്കാഡമിക് കൗണ്‍സിലിലാണ് വിവാദ പരമായ തീരുമാനമെടുത്തത്.
അഞ്ചാം സെമസ്റ്ററില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമാണ് സവര്‍ക്കര്‍ സ്ഥാനം പിടിച്ചത്., ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്ക് മാറ്റി. ഇതോടെ നാല് വര്‍ഷത്തിനു പകരം മൂന്നു വര്‍ഷത്തെ ബിരുദ കോഴ്സില്‍ ചേര്‍ന്നവര്‍ക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല.
‘സാരെ ജഹാന് സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൗണ്‍സിലിലാണ് സവര്‍ക്കറെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രമേയം പാസാക്കിയത്. ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തു. പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലാ നിര്‍വാഹക സമിതിയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.