തിരുവനന്തപുരം: അറിവിൻ്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
പ്രിയപ്പെട്ട കുഞ്ഞുങ്ങളേ,
അറിവിൻ്റെ വിശാലമായ പ്രപഞ്ചത്തിലേയ്ക്കുള്ള വാതിലുകൾ തുറന്നു വെച്ച് നമ്മുടെ പൊതുവിദ്യാലയങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെയും ഉത്സാഹത്തോടെയും വിദ്യാഭ്യാസജീവിതത്തിനു തുടക്കം കുറിക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ.
നാടിൻ്റെ നാളെകൾ നിങ്ങളാണ്. ഭാവിയുടെ വാഗ്ദാനങ്ങളായി നിങ്ങളെ വാർത്തെടുക്കാനാണ് വിദ്യാലയങ്ങൾ ഒരുങ്ങുന്നത്. പുസ്തകങ്ങളും കളികളും പാട്ടുകളും കഥകളുമായി പഠനം പാൽപ്പായസം പോലെ ആസ്വദിക്കാൻ നിങ്ങൾക്കു കഴിയണം. നന്മയുടെ വിളനിലമായി മനുഷ്യനെ മാറ്റുന്ന മഹത്തായ പ്രവർത്തനമാണ് വിദ്യാഭ്യാസം. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും കഴിവും സന്നദ്ധതയുമുള്ളവരായാണ് ഓരോരുത്തരും വളരേണ്ടത്. അതിനുള്ള ഇടങ്ങളായാണ് നിങ്ങളുടെ അധ്യാപകരും സർക്കാരും വിദ്യാലയങ്ങളെ മാറ്റിയെടുക്കുന്നത്.
ഒരു പൂവിലെ ഇതളുകൾ പോലെ കൂട്ടുകാർക്കൊപ്പം വളരുക. മനുഷ്യരെ പലതട്ടുകളിലാക്കുന്ന കാഴ്ചപ്പാടുകളെ മറികടന്നു സഹപാഠികളെ ഹൃദയത്തോടു ചേർത്തു നിർത്തുക. അധ്യാപകരേയും രക്ഷിതാക്കളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ചോദ്യങ്ങൾ ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും മുന്നോട്ടു പോവുക. കേരളം നിങ്ങളിലൂടെ തിളങ്ങട്ടെ. നിങ്ങളുടെ സ്കൂൾ പ്രവേശനം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ.