തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിൻ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 25 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിൻഫ്ര പാർക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ മരണപ്പെട്ട ഫയർ ആന്റ് റസ്ക്യൂ ഓഫീസർ ജെ.എസ്. രഞ്ജിത്തിൻ്റെ കുടുംബത്തിന് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ്റെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ധനസഹായം അനുവദിക്കും.
കേരള വാട്ടർ അതോറിറ്റിയുടെ കടുത്തുരുത്തി സബ്ഡിവിഷൻ്റെ കീഴിൽ കാവാലിപ്പുഴ പമ്പ് ഹൗസിൽ പമ്പ് ഓപ്പറേറ്ററായി താൽക്കാലിക ജോലി ചെയ്യവെ വാട്ടർ ടാങ്കിൽ വീണ് മരണമടഞ്ഞ എസ്.ആർ. രാജേഷ്കുമാറിൻ്റെ ഭാര്യ എൻ.കെ ഷൈബിക്ക് ഒറ്റത്തവണ ധനസഹായമായി 10 ലക്ഷം രൂപ വാട്ടർ അതോറിറ്റിയുടെ തനതു ഫണ്ടിൽ നിന്നും അനുവദിക്കാനും തീരുമാനിച്ചു.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും
സംസ്ഥാന സർക്കാരിൻ്റെ സുപ്രധാന പരിപാടികളിൽ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക.
കേൾവി വൈകല്യമുള്ള ധാരാളം ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളിൽ അതത് വകുപ്പുകൾക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും.
ട്രോളിംഗ് നിരോധനം
കേരള തീരദേശപ്രദേശത്തെ കടലിൽ ജൂൺ 10 മുതൽ ജൂലൈ 31 വരെ (ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
കേരള പുരസ്കാരം-മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.
പുരസ്കാര നിർണ്ണയ സമിതികളായ പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിവ സർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കുന്നതിന് അനുവദിക്കും. ആവശ്യമെങ്കിൽ ഉചിത വ്യക്തികളെ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യുന്നതിന് പ്രസ്തുത സമിതികളെ ചുമതലപ്പെടുത്താവുന്നതാണ്.
പത്മാ പുരസ്കാരങ്ങൾ (പത്മവിഭൂഷൺ/പത്മഭൂഷൻ/പത്മശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കില്ല. സംസ്ഥാനത്ത് പത്തുവർഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന ഭാരത പൗരന്മാരെ പരിഗണിക്കും.
കരട് മാർഗ്ഗ നിർദേശങ്ങൾ അംഗീകരിച്ചു
ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നതിന് സ്വകാര്യ ഭൂമി ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് മുഖാന്തിരം ഭൂരഹിതരായ പട്ടികവർഗ്ഗക്കാർക്ക് ഏറ്റെടുത്ത് നൽകുന്നതിന് പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് പുറപ്പെടുവിച്ച കരട് മാർഗ്ഗ നിർദേശങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചു.
പകരം ഭൂമി അനുവദിക്കും
ഭൂരഹിതരായ മൽസ്യതൊഴിലാളികൾക്ക് വീടുവെച്ച് നൽകുന്നതിനുള്ള ഭവനപദ്ധതിയായ പുനർഗേഹം നടപ്പിലാക്കുന്നതിന് 36. 752 സെന്റ് സ്ഥലം വിട്ടുനൽകിയ തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് സ്കൂളിന് പകരം ഭൂമി അനുവദിക്കാൻ തീരുമാനിച്ചു.
തിരുവനന്തപുരം പേട്ട വില്ലേജിൽ സർവ്വേ നമ്പർ 1790/സി 11 ൽ പ്പെട്ട 27.61 സെന്റ് സ്ഥലമാണ് സ്കൂളിന് നൽകുന്നത്.
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്കീം 2022 ൽ ഭേദഗതി വരുത്തും
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നത് കൂടൂതൽ സൗഹാർദ്ദപരമാക്കാൻ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് സ്കീം 2022 ൽ ഭേദഗതി വരുത്തും. സംസ്ഥാനത്ത് കൂടുതൽ വ്യവസായ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന വീക്ഷണത്തോടെയാണ് ഭേദഗതി കൊണ്ടുവരുന്നത്.
സേവനവേതന പരിഷ്കരണം
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൻമെന്റ് സെന്ററിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണ കമ്മീഷൻ ശിപാർശ ചെയ്ത സേവനവേതന പരിഷ്കരണം വ്യവസ്ഥകൾക്ക് വിധേയമായി നടപ്പാക്കാൻ തീരുമാനിച്ചു.
ഗവൺമെന്റ് പ്ലീഡർ
മലപ്പുറം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ടോം കെ. തോമസിനെ നിയമിക്കും.
സേവന കാലാവധി നീട്ടി
സംസ്ഥാന പോലീസ് കംപ്ലൈൻസ് അതോറിറ്റിയുടെ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ്റെ സേവന കാലാവധി 31.05.2023 മുതൽ 3 വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.