ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന ദിവസം പ്രതിഷേധിച്ചതിനു ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കലാപക്കുറ്റം അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിനേഷ് ഫോഗട്ട്, സാക്ഷി മലിക്, ബജ്റംഗ് പുനിയ തുടങ്ങിയ താരങ്ങളെയാണ് കേസിൽപ്പെടുത്തിയത്. ഇനി ജന്തർ മന്തറിൽ സമരം തുടരാൻ ഗുസ്തി താരങ്ങളെ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. പ്രക്ഷോഭകരെ തടയാൻ ജന്തർ മന്തർ പൂർണമായും ബാരിക്കേഡുകളാൽ അടച്ചു. എന്നാൽ, ലൈംഗികാരോപണകേസ് നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ഗുസ്തി താരങ്ങൾ വ്യക്തമാക്കി.
ഞായറാഴ്ച പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ പോലീസ് മർദിക്കുകയും വലിച്ചിഴയ്ക്കുകയും മണിക്കൂറുകളോളം തടവിലിടുകയും ചെയ്തു. രാത്രി വൈകിയാണ് വിട്ടത്. ഇതിന് പുറമെയാണ് കലാപക്കുറ്റമടക്കം വിവിധ ഐപിസി വകുപ്പുകൾ പ്രകാരവും പൊതുസ്വത്ത് നശിപ്പിക്കൽ തടയൽ നിയമപ്രകാരവും കേസെടുത്തത്. നിയമവിരുദ്ധമായ ഒത്തുചേരൽ, പോലീസുകാരെ തടയൽ, പോലീസിൻ്റെ നിർദേശം ലംഘിക്കൽ, കുറ്റകരമായ കൈയേറ്റം തുടങ്ങിയ വകുപ്പുകളും ചുമത്തി. വനിതാ കോൺസ്റ്റബിൾമാരടക്കം 15 പോലീസുകാർക്ക് പരിക്കേറ്റെന്നും എഫ്ഐആറിലുണ്ട്.