പാലക്കാട്: ട്രെയിനിൽ കടത്തിയ കള്ളപ്പണവുമായി മുസ്ലിം ലീഗ് നേതാവ് പിടിയിൽ. കോട്ടയം ഈരാറ്റുപേട്ട നടക്കൽ കരീം മൻസിലിൽ കെ എ മുഹമ്മദ് ഹാഷി (52)മിനെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് അറസ്റ്റ് ചെയ്തത്. മുസ്ലിം ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റാണ് ഹാഷിം. ഇയാളിൽ നിന്ന് 17 ലക്ഷം പിടിച്ചെടുത്തു.
നേരത്തെ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഇയാൾ. പുണെ – കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്ത് നിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്രചെയ്ത ഇയാളുടെ അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകൾ കൈവശമുണ്ടായിരുന്നില്ല. പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി. ഏറ്റുമാനൂരിൽ ഫോറക്സ് എന്ന സ്ഥാപനം നടത്തുകയാണ് ഹാഷിം. അനുവദിച്ച തുകയ്ക്കുള്ള കറൻസികൾ അക്കൗണ്ട് വഴിയാണ് അയക്കേണ്ടത്.
ഇതിന് പകരം കണക്കില്ലാത്ത വിദേശ കറൻസികൾ വാങ്ങി ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലും കൊണ്ടുപോയി ഏജൻസികൾക്ക് കൈമാറുകയാണ് ഇയാൾ. രണ്ട് കോടിയോളം രൂപ മൂല്യമുള്ള വിദേശകറൻസികൾ ദിവസവും കടത്തുന്നുവെന്നാണ് വിവരം. പകരം ഇന്ത്യൻ കറൻസിയോ സ്വർണമോ വാങ്ങും. അല്ലെങ്കിൽ വിദേശത്തുള്ള ഇവരുടെ ആളുകൾക്കും പണം കൈമാറും. കരുനാഗപ്പള്ളി മുതൽ അങ്കമാലിവരെയുള്ള മേഖലയിൽ ആവശ്യക്കാരിൽനിന്ന് വിദേശ കറൻസികൾ ശേഖരിക്കുന്നുണ്ട്.