തിരുവനന്തപുരം: അഴിമതിയോട് ഒരു വിട്ടുവിഴ്ചക്കും സർക്കാർ ഒരുക്കമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർവീസ് മേഖലയിൽ എല്ലാവരും അഴിമഴിക്കാരല്ലെന്നും എന്നാൽ എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരും സർവീസിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുൻസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെഎംസിഎസ് യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിലർ അഴിമതിയുടെ രുചിയറിഞ്ഞവരാണ്. എല്ലാക്കാലവും അവർക്ക് രക്ഷപ്പെട്ട് നടക്കാൻ കഴിയില്ല. പിടിക്കപ്പെട്ടാൽ അതിൻ്റെതായ പ്രയാസം നേരിടേണ്ടിവരും. ഇന്നത്തെ കാലത്ത് ഒന്നും അതീവ രഹസ്യമല്ല. ചിലർ സാങ്കേതികമായി കെെക്കൂലി വാങ്ങിയിട്ടില്ലായിരിക്കാം. എന്നാൽ കൂടെയുള്ളവർ അറിയാതെ അഴിമതി സാധ്യമാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങളെ ജീവനക്കാർ ശത്രുക്കളായി കാണരുതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കേരളം അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ഭരണനിർവഹണം ശരിയായ രീതിയിൽ ജനങ്ങൾക്ക് അനുഭവപ്പെടുക എന്നത് പ്രധാനമാണ്. ജനങ്ങൾക്ക് സേവനങ്ങൾ കൃത്യമായി ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.