തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിൽ രണ്ടു പേർക്കൊപ്പം 12 വയസ്സിൽ താഴെയുള്ള കുട്ടികൾ യാത്ര ചെയ്താൽ തത്കാലം പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു. ഇതു സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും, കത്തിന് മറുപടി ലഭിക്കുന്നതുവരെ പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക ക്യാമറകൾ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ സാഹചര്യത്തിൽ ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകിയ ശേഷം പിഴയീടാക്കി തുടങ്ങിയാൽ മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.