കണ്ണൂർ: വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ 97 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കെട്ടിടങ്ങളിൽ കിഫ്ബിയുടെ 5 കോടി രൂപ ധനസഹായത്തോടെ ഉള്ള ഒരു കെട്ടിടവും 3 കോടി രൂപ വീതം ധനസഹായത്തോടെ ഉള്ള 12 കെട്ടിടങ്ങളും ഒരു കോടി രൂപ വീതം ധനസഹായത്തോടെ ഉള്ള 48 എണ്ണവും ഉൾപ്പെടുന്നു. മറ്റു 36 കെട്ടിടങ്ങൾ നിർമ്മിച്ചത് പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയാണ്. കിഫ്ബിയെ അധിക്ഷേപിച്ചവർ ഈ നേട്ടങ്ങൾ കാണണം.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം കഴിഞ്ഞ ഏഴു വർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തകർച്ചയുടെ വക്കിലെത്തിയ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളെ മികച്ച സൗകര്യങ്ങളൊരുക്കി കൈപിടിച്ചുയർത്തിയ എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയുടേയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടേയും ഫലമാണത്.
2016 മുതൽ 3,800 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാലയങ്ങളിൽ സർക്കാർ നടത്തിയത്. 8 മുതൽ 12 വരെയുള്ള 45,000 സ്മാർട്ട് ക്ലാസ്മുറികൾ സജ്ജമായി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി.
യൂണിഫോമും പാഠപുസ്തകങ്ങളും സ്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ കുട്ടികളുടെ കൈകളിലേക്കെത്തി. അങ്ങനെ നമ്മുടെ പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറി. നിതി ആയോഗ് തയ്യാറാക്കിയ സ്കൂൾ എജ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. പൊതുവിദ്യാലയങ്ങളിൽ മക്കളെ ചേർക്കാൻ രക്ഷിതാക്കാൾ മടിച്ചിരുന്ന കാലം മാറി. കഴിഞ്ഞ 6 വർഷംകൊണ്ട് പുതുതായി എത്തിയത് 10.5 ലക്ഷത്തോളം കുട്ടികളാണ്.
എല്ലാവർക്കും ഒരുപോലെ മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കാനായി നമ്മുടെ പൊതുവിദ്യാലയങ്ങളുടെ നിലവാരം ഉയർത്തുക എന്ന അനിവാര്യമായ കടമ അഭിമാനാർഹമായ രീതിയിൽ സർക്കാരിനു നിർവഹിക്കാൻ സാധിക്കുന്നു. പൊതുസമൂഹത്തിൻ്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ കേരളത്തിൻ്റെ കരുത്തായി മാറി. ഇനിയുമൊരുപാട് മികവിലേയ്ക്ക് നമ്മുടെ വിദ്യാലയങ്ങൾ ഉയരേണ്ടതുണ്ട്. അതിനായി കൂടുതൽ ഒരുമയോടെ മുന്നോട്ടു പോകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.