തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങൾ പൂത്തുലയുന്ന വടവൃക്ഷമായി മാറാൻ കേരള നിയമസഭയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ പറഞ്ഞു. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി ഇ എം എസ് ചരിത്രം സൃഷ്ടിച്ചു. ഭരണഘടനാ വ്യവസ്ഥകൾ ദുരുപയോഗിച്ചാണ് ആ സർക്കാരിനെ പിരിച്ചിവിട്ടത്. ദീർഘവീക്ഷണത്തിനും സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കേരളം. കേരളത്തിൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. നിയമസഭാ മന്ദിരത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
നിയമനിർമാണത്തിലൂടെ പുരോഗമന ജനാധിപത്യ കേരളം സാധ്യമാക്കിയ മഹത്തായ പാരമ്പര്യമാണു കേരള നിയമസഭയ്ക്കുള്ളത്. കേരളീയ സമൂഹത്തിൻ്റെ പരിണാമത്തിനു കാരണമായ നിരവധി നിയമ നിർമാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ നിയമസഭയ്ക്കു കഴിഞ്ഞു. കേരള നിയമസഭയുടെ ഓരോ കാലയളവിലും നൂറിലധികം നിയമ നിർമാണങ്ങൾ പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഷം ശരാശരി 44 ദിവസത്തോളം നിയമസഭ സമ്മേളിക്കുന്നുവെന്നതുതന്നെ ജനാധിപത്യത്തിൻ്റെ ശക്തിയെയാണ് കാണിക്കുന്നത്.
ജനാധിപത്യത്തിൽ വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ല. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളുമുണ്ടാകും. ഇവ പരിഹരിക്കേണ്ടത് ഏറ്റുമുട്ടലിലൂടെയല്ല മറിച്ച്, സഹകരിച്ചുള്ള സംവാദങ്ങളിലൂടെയാണ് അദ്ദേഹം പറഞ്ഞു.
നിയമസഭാ പുസ്തകോത്സവത്തിൻ്റെ സുവനീർ ഉപരാഷ്ട്രപതി പ്രകാശിപ്പിച്ചു. നിയമസഭാ സൗന്ദര്യവൽക്കരണ പ്രവൃത്തികളും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും സംസാരിച്ചു.