ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ താരങ്ങളുടെ സമരം കടുക്കുന്നു. കേസിലെ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് പ്രസിഡന്റുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം വളയും. 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യുന്ന ദിവസമാണ് പാര്‍ലമെന്റ് വളയാന്‍ രാജ്യത്തെ പതിനായിരക്കണക്കിന് സ്ത്രീകള്‍ തയ്യാറെടുക്കുന്നത്.
ഭാവി സമരമുറകള്‍ അവിടെ വെച്ച് പ്രഖ്യാപിച്ചേയ്ക്കും. 23ന് ഇന്ത്യ ഗേറ്റില്‍ മെഴുകുതിരി മാര്‍ച്ച് നടക്കും. കര്‍ഷകരും വനിതാ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഹരിയാന റോഹ്തക്കിലെ മെഹം നഗരത്തില്‍ ഞായറാഴ്ച ചേര്‍ന്ന കര്‍ഷക- ഖാപ് മഹാപഞ്ചായത്താണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്.
ബ്രിജ് ഭൂഷണെ 27നകം അറസ്റ്റ് ചെയ്യണമെന്നും നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. ഞായറാഴ്ചയ്ക്കുള്ളില്‍ അറസ്റ്റുചെയ്യണമെന്നായിരുന്നു കര്‍ഷകരുടെ അന്ത്യശാസനം. ഹരിയാന, രാജസ്ഥാന്, പഞ്ചാബ്, യുപി സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ക്ക് പുറമേ സമരം ചെയ്യുന്ന സാക്ഷി മലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവരും ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തില്‍ എത്തിക്കഴിഞ്ഞു.