ന്യൂഡൽഹി: 18 സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശ് ഷാജഹാൻപുരിലെ സർക്കാർ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. ഷാജഹാൻപുരിലെ തിൽഹാർ സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കമ്പ്യൂട്ടർ അധ്യാപകനായ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്. സംഭവത്തിന് കൂട്ടുനിന്ന മറ്റൊരു അധ്യാപികക്കെതിരെയും പ്രിൻസിപ്പലിനെതിരെയും പീഡനത്തിന് കൂട്ടുനിന്നതിന് പോലീസ് കേസെടുത്തു.
എസ് സി എസ് ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. തിൽഹാർ പോലീസാണ് കേസെടുത്തിരിക്കുന്നതെന്നും 18 കുട്ടികളെയും ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും ഷാജഹാൻപുർ സീനിയർ എസ്പി എസ് ആനന്ദ് അറിയിച്ചു.
മുഹമ്മദ് അലിയെന്ന കമ്പ്യൂട്ടർ അധ്യാപകനാണ് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ചതെന്നും പ്രിൻസിപ്പൽ അനിൽ പതാക്, അധ്യാപികയായ സാജിയ എന്നിവർ പ്രതിക്ക് കൂട്ടുനിന്നു എന്നും തിൽഹാർ സിഐ പ്രിയങ്ക് ജയിൻ പറഞ്ഞു.
ഗ്രാമത്തലവൻ പ്രധാൻ ലൾത പ്രസാദിൻ്റെ പരാതിയിലാണ് നടപടി. പീഡനത്തിനിരയായ ഒരു വിദ്യാർഥിനിയാണ് വീട്ടുകാരോട് അധ്യാപകൻ്റെ ക്രൂരത വെളിപ്പെടുത്തിയത്. സഹപാഠികളോട് അധ്യാപകൻ മോശമായി പെരുമാറുന്നതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് രക്ഷിതാക്കൾ സ്കൂളിലെത്തി പരിശോധന നടത്തിയപ്പോൾ ശുചിമുറിയിൽ നിന്ന് ഉപയോഗിച്ച ഗർഭ നിരോധന ഉറകൾ കണ്ടെടുത്തു. പ്രതികളെ സസ്പെൻഡ് ചെയ്തു.