തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമായി. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി രൂപീകരിക്കുന്നത്. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. ക്ഷേമനിധി ബോർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
2025 ആകുമ്പോൾ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും അതിദാരിദ്രമുള്ള 64,000 കുടുംബങ്ങളെ ഇതിനകം കണ്ടെത്തി. അവരെ ആ അവസ്ഥയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി. 2025 നവംബറോടെ ആ ലക്ഷ്യം പൂർത്തിയാക്കും. പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ക്ഷേമനിധിയുടെ ഗുണഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായിരുന്നു. സർക്കാരിൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ക്ഷേമനിധി പദ്ധതി ഉദ്ഘാടനം ചെയ്തത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും രജിസ്റ്റർ ചെയ്തവർക്ക് ക്ഷേമനിധിയിൽ അംഗത്വം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്ക് നൽകും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. 18 വയസ് പൂർത്തിയായതും 55 വയസ് പൂർത്തിയാക്കിയിട്ടില്ലാത്തവരും അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം.
“ക്ഷേമനിധിയുടെ ഭാഗമായി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
60 വയസ്സ് പൂർത്തിയാവുകയും 60 വയസ്സ് വരെ തുടർച്ചയായി അംശദായം അടയ്ക്കുകയും ചെയ്ത അംഗങ്ങൾക്ക് പെൻഷൻ .
10 വർഷത്തിൽ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ .
അസുഖമോ അപകടം മൂലമോ അംഗം മരണപ്പെട്ടാൽ ആശ്രിതർക്ക് സാമ്പത്തിക സഹായം.
അംഗഭംഗം അല്ലെങ്കിൽ അവശതമൂലം തൊഴിൽ ചെയ്യാൻ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാൽ, ഒരംഗം അടച്ച അംശദായതുക നിർദ്ദേശിക്കപ്പെട്ട പലിശ സഹിതം തിരികെ നൽകും .
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം,
വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹം, വനിതാ അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം.
അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം.
“2005 ൽ പാർലമെന്റ് പാസ്സാക്കിയ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി രാജ്യത്ത് നിലവിൽ വന്നത്. ആദ്യം 200 ജില്ലകളിലാണ് പദ്ധതി ആരംഭിച്ചത്. അതിൽപ്പെട്ട ഒരു ജില്ലയാണ് പാലക്കാട് ജില്ല. ഈ പാലക്കാട് തന്നെയാണ് രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് യാഥാർത്ഥ്യമാകുമ്പോൾ ഉദ്ഘാടനം നടക്കുന്നതും. തൊഴിലുറപ്പു പദ്ധതിയുടെ ശരിയായ നടത്തിപ്പിനും പദ്ധതിയുടെ ഗുണമേന്മ ഉറപ്പുവരുത്താനുമായി നടപ്പിലാക്കുന്ന സമ്പൂർണ സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ആദ്യമായി നഗരങ്ങളിലെ അസംഘടിത തൊഴിലാളികൾക്കായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച് രാജ്യത്തിന് മാതൃകയായ സംസ്ഥാനവും കേരളമാണ്.
രാജ്യത്താകെ 15.03 കോടി കുടുംബങ്ങളിലായി 26.81 കോടി തൊഴിലാളികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആക്റ്റീവ് തൊഴിലാളി കുടുംബങ്ങൾ 9.55 കോടിയും തൊഴിലാളികൾ 14.29 കോടിയുമാണ്. ഇവരിൽ 6.1 കോടി കുടുംബങ്ങളിൽപ്പെട്ട 8.76 കോടി തൊഴിലാളികൾക്ക് മാത്രമാണ് കഴിഞ്ഞ വർഷം തൊഴിൽ ലഭിച്ചത്. അവർക്കുതന്നെ ശരാശരി 47 തൊഴിൽ ദിനങ്ങൾ മാത്രമാണ് ലഭിച്ചത്. 100 തൊഴിൽ ദിനങ്ങൾ ലഭിച്ചത് 36.01 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ്. 5.8 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് നൂറുതൊഴിൽ ദിനങ്ങൾ ലഭിച്ചത്. കേന്ദ്രസർക്കാർ പദ്ധതിക്കാവശ്യമായ തുക നീക്കി വയ്ക്കുന്നില്ലെന്നു മാത്രമല്ല തുടർച്ചയായി വെട്ടിക്കുറക്കുകയും ചെയ്യുന്നു. 2020-21 ൽ 1,11,719 കോടിയായിരുന്നു പദ്ധതിക്കായി വിനിയോഗിച്ചത്. 2021-22 ആയപ്പോൾ പദ്ധതി ചെലവു 1,06,489 കോടിയായി ചുരുക്കി. 2022-23 ൽ അത് വീണ്ടും 1,01,038 കോടിയായി കുറച്ചു. നടപ്പുവർഷത്തേക്കാകട്ടെ 60000 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
ഓരോ പഞ്ചായത്തിലും ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെ എണ്ണം വെട്ടിച്ചുരുക്കിയതും, ആധാർ അധിഷ്ഠിത പേയ്മെന്റ്, പുതിയ NMMS, PFMS തുടങ്ങിയവയും പദ്ധതിക്ക് തടസ്സം സൃഷ്ടിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിൻ്റെ ഭാഗമായി കേരളം രാജ്യത്തിനു തന്നെ മാതൃകയായി പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്ത് 20.67 ലക്ഷം കുടുംബങ്ങളിലായി 24.95 ലക്ഷം ആക്റ്റീവ് തൊഴിലാളികളുണ്ട്. 15.51 ലക്ഷം കുടുംബങ്ങളിൽപ്പെട്ട 17.59 ലക്ഷം തൊഴിലാളികൾ പദ്ധതി കഴിഞ്ഞ വർഷം പ്രയോജനപ്പെടുത്തി. ശരാശരി 63 തൊഴിൽ ദിനങ്ങൾ. 4.49 ലക്ഷം കുടുംബങ്ങൾക്കും 100 തൊഴിൽ ദിനം ലഭിച്ചു. 29 ശതമാനം കുടുംബങ്ങൾക്കും നൂറു തൊഴിൽ ദിനം ലഭിച്ചു. പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് രാജ്യത്താകെ ശരാശരി 52 തൊഴിൽ ദിനങ്ങൾ നൽകിയപ്പോൾ കേരളത്തിൽ 86 തൊഴിൽ ദിനങ്ങൾ നൽകി. പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നൂറുതൊഴിൽ ദിനത്തിനുപുറമെ സംസ്ഥാന സർക്കാർ ട്രൈബൽ വികസനഫണ്ട് ഉപയോഗിച്ച് 100 തൊഴിൽ ദിനങ്ങൾ കൂട്ടിചേർത്ത് 200 തൊഴിൽ ദിനങ്ങൾ നൽകുന്ന ട്രൈബൽപ്ലസ് പദ്ധതി രാജ്യത്തിന് മാതൃകയാണ്.
കേരളത്തിൽ നഗര പ്രദേശങ്ങൾക്കു വേണ്ടി അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി 2011 മുതൽ നടപ്പിലാക്കിവരുന്നു. ഈ പദ്ധതിയിലും 3,18,463 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 41,11,753 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. സംസ്ഥാനത്തു നൂറുതൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ഫെസ്റ്റിവൽ അലവൻസായി 1000 രൂപ വീതം തുടർച്ചയായി നൽകിവരുന്നു.
സംസ്ഥാനത്തു തൊഴിലെടുക്കുന്നവരിൽ 90 ശതമാനം ഗ്രാമീണ മേഖലയിലെ സ്ത്രീകളാണ്. “മേറ്റുമാരിലാവട്ടെ 100 ശതമാനം സ്ത്രീകൾ തന്നെയാണ്. ഈ വലിയ വിഭാഗം തൊഴിലാളികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് സംസ്ഥാന സർക്കാർ തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി നിയമം പാസ്സാക്കിയത്. അതിൻ്റെ നടത്തിപ്പിനായുള്ള ക്ഷേമനിധി ബോർഡും നിലവിൽ വരികയാണ്. ലക്ഷകണക്കിന് തൊഴിലാളികൾക്കും, ദരിദ്ര ജനവിഭാഗങ്ങൾക്കും ആശ്വാസമായി നിരവധി ക്ഷേമബോർഡുകൾ സംസ്ഥാനത്തു ഇന്ന് പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ സുരക്ഷപെൻഷൻ പദ്ധതിയും, വാസയോഗ്യമായ വീടും, മെച്ചപ്പെട്ട വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളുമെല്ലാം കേരളം നടപ്പിലാക്കി വരുന്നു. അതിൻ്റെ തുടർച്ചയാണ് ഗ്രാമീണ തൊഴിലുറപ്പു മേഖലയിലെയും നഗര പ്രദേശങ്ങളിലെ അയ്യങ്കാളി നഗരതൊഴിലുറപ്പു പദ്ധതിയിലെയും തൊഴിലാളികൾക്കുള്ള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോർഡ്”.