കൊച്ചി: ബിജെപിക്ക് കേരളത്തിൽ ആനമുട്ട എന്ന ട്രോൾ വളരെ ഇഷ്ടമായെന്ന് അരുന്ധതി റോയ്. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെയെന്നും അവർ പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. ബിജെപിക്കെതിരെ ഒരുമിക്കണം. ദക്ഷിണേന്ത്യയിലെ വിജയവും പോരാട്ടവും ഡൽഹിയിലേക്കും പടരണം. ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരാണ് നമ്മൾ. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. ഫാസിസ്റ്റുകൾ അടിസ്ഥാനപരമായി വിഡ്ഡികളാണ്. എല്ലാത്തരത്തിലുള്ള വിവേകപൂർണമായ ഇടപെടലുകളെയും അവർ എതിർക്കും.
രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങൾക്കും പണം മുടക്കുന്നത് കോർപറേറ്റുകളാണ്. മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുകയാണ് മാധ്യമങ്ങൾ. യഥാർഥ മാധ്യമ ധർമം നിറവേറ്റുന്നത് നവമാധ്യമങ്ങളാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ അവയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. പുതിയ ഐടി നിയമം ഇതിന്റെ ഭാഗമാണ്.
കേന്ദ്രസർക്കാർ വെട്ടിക്കളഞ്ഞ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ അരുന്ധതി റോയ് അഭിനന്ദിച്ചു. ഏറ്റവും സുരക്ഷിതവും സുന്ദരവുമായ നാടാണ് കേരളം. ജനങ്ങൾ മതസൗഹാർദത്തോടെ കഴിയുന്ന നാടാണിത്. ‘കേരള സ്റ്റോറി’ സിനിമ ആരും വിശ്വസിക്കില്ല. അപഹാസ്യമായ ഒരു പരിശ്രമമായിരുന്നു അതെന്നും അരുന്ധതി റോയ് പറഞ്ഞു. വി എസ് കൈകസി മോഡറേറ്ററായി.