കൊച്ചി: കേന്ദ്ര സർക്കാരിനോടും ആർഎസ്എസിനോടും ചില മാധ്യമങ്ങൾ വിധേയത്വം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം.പി. തൻ്റെ 35 വർഷത്തെ കരിയറിൽ മാധ്യമങ്ങൾ ഒരു പ്രത്യയ ശാസ്ത്രത്തിനോ സർക്കാരിനോ പൂർണമായും കീഴടങ്ങുന്ന അവസ്ഥ കണ്ടിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കേരളം അതിൽ നിന്ന് അൽപ്പം പോലും പിറകോട്ടല്ല. മാധ്യമങ്ങൾ പറയുന്നതെല്ലാം വിഴുങ്ങുന്നവരല്ല ജനങ്ങളെന്ന് മനസിലാക്കണം. ഒരു വിഭാഗം മാധ്യമങ്ങൾ ആഞ്ഞുപിടിച്ചിട്ടും കർണാടകയിൽ ബിജെപിയെ രക്ഷിക്കാനായില്ല. അത് പ്രതീക്ഷ നൽകുന്നതാണെന്നും ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ഫോർത്ത് എസ്റ്റേറ്റിൽ കാവി കയറുമ്പോൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് എം.പി. മുതിർന്ന മാധ്യമപ്രവർത്തകരായ എം.വി നികേഷ് കുമാർ, ഹർഷൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
രാജ്യത്ത് ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ അതിൻ്റെ ക്രെഡിറ്റ് മാധ്യമങ്ങൾ മോദിക്ക് നൽകുന്ന സ്ഥിതിയാണുള്ളത്. അതേസമയം, ബിജെപി പരാജയപ്പെട്ടാൽ ഉത്തരവാദിത്വം ഏതെങ്കിലും ഒരു നേതാവിൻ്റെ തലയിൽ കെട്ടിവയ്ക്കും. ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കർണാടകയിൽ ബിജെപിയുടെ പരാജയത്തിൻ്റെ ഉത്തരവാദിത്വം പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ തലയിൽ കെട്ടിവച്ച സാഹചര്യമുണ്ടായെന്നും ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി.