തിരുവനന്തപുരം: കേരളത്തിൻ്റെ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തെരഞ്ഞെടുക്കപ്പെട്ടു. ലോകമാകെയുള്ള ബിസിനസ് ഇന്‍ക്യുബേറ്ററ്യുകളുടേയും ആക്സിലറേറ്ററുകളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു.ബി.ഐ ഗ്ലോബല്‍ പ്രസിദ്ധീകരിക്കുന്ന വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡിയിലാണ് സ്റ്റാര്‍ട്ടപ്പ് മിഷന് ഈ നേട്ടം കൈവരിച്ചത്.
മെയ് 16-ന് ബെല്‍ജിയത്തിലെ ഗെന്റില്‍ നടക്കാനിരിക്കുന്ന ലോക ഇന്‍കുബേഷന്‍ ഉച്ചകോടി-2023ല്‍ ഈ പുരസ്കാരം സമ്മാനിക്കും. വ്യാവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കേരളം കൈവരിച്ച പുരോഗതിയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം. ജ്ഞാനസമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള നമ്മുടെ ചുവടുവയ്പ്പുകള്‍ക്ക് ഇതു കൂടുതല്‍ ഊര്‍ജ്ജം പകരുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.