തിരുവനന്തപുരം: ‘ഒഐസിസി അടൂർ’ എന്ന സംഘടനയുടെ പരിപാടിക്കെന്ന വ്യാജേന ഗൾഫ് യാത്ര നടത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ. ഒഐസിസി അടൂർ സംഘടനയുടെ പരിപാടിക്കെന്ന വ്യാജേന പണപ്പിരിവിനായാണ് മാങ്കൂട്ടത്തിൽ ബഹ്റിനിലേക്ക് വിമാനം കയറിയിരിക്കുന്നതെന്നാണ് ആക്ഷേപം.
‘ഒഐസിസി അടൂർ- കിങ്ഡം ഓഫ് ബഹറിൻ’ എന്ന സംഘടനയുടെ ബാനറിൽ അടൂരിൻ്റെ സ്നേഹാദരവ് എന്ന പേരിൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കാനെന്ന പേരിലാണ് രാഹുലും പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എം ജി കണ്ണനും പുറപ്പെട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് പരിപാടി. കോൺഗ്രസ് അനുഭാവികളായ പ്രവാസികൾക്ക് ‘ഒഐസിസി പത്തനംതിട്ട’ എന്ന പേരിൽ കൂട്ടായ്മയുണ്ട്. അടൂരിൻ്റെ പേരിൽ അത്തരമൊന്ന് കേട്ടിട്ടില്ലെന്ന് യൂത്ത് കോൺഗ്രസുകാർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വലിയ സാമ്പത്തിക പിൻബലമുള്ളവർക്ക് ജയിച്ചുകയറാവുന്ന രീതിയിലാണ് പുതിയ തെരഞ്ഞെടുപ്പ് ആക്ഷേപമുയർന്നിട്ടുണ്ട്. മെമ്പർഷിപ്പൊന്നിന് 50 രൂപയാണ് ഫീസ്. ആയിരം മെമ്പർഷിപ്പിന് അരലക്ഷം രൂപയാകും. വോട്ട് കിട്ടാൻ പ്രസിഡന്റ് സ്ഥാനാർഥി സ്വന്തം ചെലവിൽ മെമ്പർഷിപ്പ് ചേർക്കുകയാകും ഫലത്തിലുണ്ടാവുക. ഇത് മുന്നിൽക്കണ്ടാണ് രാഹുലിൻ്റെ യാത്രയെന്നാണ് യൂത്ത്കോൺഗ്രസിലെ വർത്തമാനം. സംസ്ഥാനത്തെ ക്വാറി മുതലാളിമാരിൽ നിന്നും മറ്റുമായി വ്യാപക പണപ്പിരിവ് നടത്തുന്നുവെന്ന ആക്ഷേപവും രാഹുലിനെതിരെയുണ്ട്.
ഷാഫി പറമ്പിലിൻ്റെയും രാഹുലിൻ്റെയും നേതൃത്വത്തിൽ വലിയ സാമ്പത്തിക അരാജകത്വം നടന്നിട്ടുണ്ടെന്നാണ് എതിർവിഭാഗങ്ങളുടെ ആക്ഷേപം. ‘ലോകകപ്പ് ഫണ്ട്’ 30 ലക്ഷത്തോളം പിരിച്ചെടുത്തുവെന്നാണ് അനൗദ്യോഗിക കണക്ക്. ഔദ്യോഗിക കണക്ക് അവതരിപ്പിച്ചിട്ടുമില്ല. പ്രവർത്തകർക്കെതിരായ കേസ് നടത്താനും സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണത്തിനുമാണ് പണം പിരിച്ചത്. എന്നാൽ, സംസ്ഥാന കമ്മിറ്റി ഓഫീസിന് തറക്കല്ലിടാൻ പോലും തയ്യാറായില്ലെന്ന ആക്ഷേപം ഷാഫിക്കെതിരെ നീറിപ്പുകയുന്നുണ്ട്.