താനൂര്‍: താനൂരിലെ ബോട്ടപകടത്തില്‍ ദുരന്തത്തിനിരയായവരില്‍ താനൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറും മലപ്പുറം എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് അംഗവുമായ സബറുദ്ദീനും. മോഷണക്കേസുകളടക്കം ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച പോലീസുകാരൻ്റെ വിയോഗം സഹപ്രവര്‍ത്തകര്‍ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല.
ലഹരിക്കടത്ത്, മോഷണക്കേസ് അടക്കമുള്ള കേസന്വേഷണങ്ങളുടെ ഭാഗമായിരുന്ന സബറുദ്ദീന് കേരളാ പോലീസിന്റെ അഭിമാന മുഖം കൂടിയായിരുന്നു. മോഷണക്കേസിലെ പ്രതിയെ പിടികൂടുംവരെ മുടിവെട്ടില്ലെന്ന് പ്രഖ്യാപിച്ച സബറുദ്ദീന് പ്രതിയെ പിടിച്ച ശേഷമാണ് ബാര്‍ബര്‍ ഷോപ്പിലെത്തിയത്. ഇത് സബറുദ്ദീൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു നാഴിക കല്ലായിരുന്നു.