മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. ഇതില്‍ ഒരു കുടുംബത്തിലെ 11 ജീവനുകളാണ് ഒരേ നിമിഷത്തില്‍ പൊലിഞ്ഞത്. ഇതിന്റെ നടുക്കത്തിലാണ് നാടും നാട്ടുകാരും. പെരുന്നാള്‍ അവധിയോടനുബന്ധിച്ച് താനൂര്‍ കുന്നുമ്മല്‍ സൈതലവിയുടെ കുടുംബവീട്ടില്‍ ഒത്തുകൂടിയതായിരുന്നു ഇവര്‍.
സൈതലവിയുടെ സഹോദരങ്ങളായ കുന്നുമ്മല്‍ ജാബിര്‍, കുന്നുമ്മല്‍ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബ വീട്ടില്‍ ഒത്തു ചേര്‍ന്നത്. ശേഷം, കുട്ടികളുടെ ഇഷ്ടപ്രകാരമാണ് കുടുംബം തൂവല്തീരത്തേയ്ക്ക് വിനോദ യാത്രയ്ക്ക് പോയത്. സൈതലവി തന്നെയാണ് എല്ലാവരെയും കട്ടാങ്ങലില്‍ എത്തിച്ചതും. ബോട്ടില്‍ കയറരുതെന്ന നിര്‍ദേശവും നല്‍കിയാണ് സൈതലവി മടങ്ങിയത്.
എന്നാല്‍ വീട്ടില്‍ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോണ്‍ ചെയ്തപ്പോള്‍ നിലവിളി കേട്ടത്. സ്ഥലത്തേയ്ക്ക് ഓടിയെത്തിയപ്പോഴേയ്ക്കും ഉറ്റവരുടെ വിയോഗ വാര്‍ത്തയാണ് സൈതലവി അറിഞ്ഞത്. കുന്നുമ്മല്‍ ജാബിറിന്റെ ഭാര്യ ജല്‍സിയ, മകന് ജരീര്‍, കുന്നുമ്മല്‍ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.