മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ അനുശോചിച്ച് മന്ത്രി എംബി രാജേഷ്. ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പരപ്പനങ്ങാടിയിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പരപ്പനങ്ങാടിയില്‍ എത്തിച്ചത്.
പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്രാ ബോട്ട് അപകടത്തില്‍പ്പെട്ട് പൊലിഞ്ഞത് 22 ജീവനാണ്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. 40ലധികം യാത്രികര്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.