മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ടപകടം നടന്ന താനൂരിലെത്തി. താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. ഇവിടെ ഡോക്ടർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതിന് ശേഷം പൊതുദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് മുഖ്യമന്ത്രി പുറപ്പെട്ടു. താനൂരിൽ അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സന്ദർശിക്കും. മന്ത്രി വി. അബ്ദുറഹിമാൻ്റെ ക്യാംപ് ഓഫീസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശ്രീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതൽ ആളുകൾ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസൻസ് ഉണ്ടായിരുന്നില്ല. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. സംഭവത്തിന് ശേഷം ബോട്ടുടമയും കൂട്ടാളികളും ഒളിവിലാണെന്നും ഡിവൈഎസ്പി അറിയിച്ചു.