ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ രാജ്യ വ്യാപക പ്രതിഷേധം. ബ്രിജ് ഭൂഷൻ്റെ രാജി ആവശ്യപ്പെട്ട് ഞായർ രാത്രി ഏഴിന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാൻ സമര രംഗത്തുള്ള ഗുസ്തിതാരങ്ങൾ അഭ്യർഥിച്ചു. എല്ലാ പൗരന്മാരും പ്രതിഷേധത്തിൽ പങ്കാളികളാകണമെന്ന് സമരമുഖത്തുള്ള ഗുസ്തി താരങ്ങളായ ബജ്റംഗ് പൂനിയ, സാക്ഷി മലിക്, വിനേഷ് ഫോഗട്ട് എന്നിവർ അഭ്യർഥിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് വനിതാ താരങ്ങളെയാണ് ബ്രിജ് ഭൂഷൺ ലൈംഗിക പീഡനത്തിനിരയാക്കിയത്.
പോക്സോ കേസ് ഉൾപ്പെടെ ചുമത്തിയിട്ടും ബ്രിജ് ഭൂഷണെ കേന്ദ്ര സർക്കാരും ബിജെപിയും സംരക്ഷിക്കുകയാണ്. അതേസമയം ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം) രാജ്യവ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചു. ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്ന വേദിയിൽനിന്ന് മറ്റൊരു വശത്താണ് ഇവർ സംഘടിച്ചിരിക്കുന്നത്.