കലാപത്തീയിലമര്ന്ന്
മണിപ്പൂര്‍
ആരാണ് മണിപ്പൂരിന് തീ കൊളുത്തിയത് ?
ബിജെപിയുടെ ഇരട്ട എഞ്ചിന് ഭരണം തന്നെ.
മണിപ്പൂരില്‍ കലാപം ആളിപ്പടരുകയാണ്. സംവരണത്തെ ചൊല്ലി ഉടലെടുത്ത സാമുദായിക സംഘര്‍ഷം സംഘപരിവാര്‍ വര്‍ഗീയ കലാപമാക്കി മാറ്റി. കേന്ദ്രവും സംസ്ഥാനവും ബിജെപിയുടെ നിയന്ത്രണത്തിലായാല്‍ എന്തു സംഭവിക്കും എന്നതിൻ്റെ ഭീതിദമായ തെളിവാണ് മണിപ്പൂര്‍.
കലാപം രൂക്ഷമായ സാഹചര്യത്തില്‍ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന് അയവുണ്ടായിട്ടില്ല. പര്‍വതമേഖലകളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനകം 54 പേര് കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇംഫാല്‍ ഈസ്റ്റില്‍ മാത്രം 23 പേര് ആക്രമണങ്ങളില്‍ മരിച്ചു. ഒട്ടേറെ ആരാധനാലയങ്ങള്‍ തകര്‍ത്തു. സംഘര്‍ഷബാധിത മേഖലകളില്‍നിന്ന് 11,000ഓളം പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു.
മണിപ്പുരിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. ചുരാചന്ദ്പുര്‍, ബിഷ്ണുപുര്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ തുടര്‍ച്ചയായി വെടിയൊച്ച മുഴങ്ങുന്നു. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സൈന്യവും അസം റൈഫിള്‍സും വിവിധ ഇടങ്ങളില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. എട്ട് ജില്ലയില്‍ നിശാനിയമം ഏര്‍പ്പെടുത്തി. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ വ്യാഴാഴ്ച ഇംഫാലില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ബിജെപി എംഎല്‍എ വുങ്സാഗിന്‍ വാല്ട്ടെയ്ക്ക് ഗുരുതരമായി പരിക്ക് പറ്റി.
കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആഭ്യന്തരമന്ത്രി അമിത്ഷാ പ്രചാരണം നിര്‍ത്തി ഡല്‍ഹിയിലെത്തി. മണിപ്പുരില്‍ എത്രയും വേഗം സമാധാനം പുന:സ്ഥാപിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മണിപ്പൂരിലെ സാഹചര്യം ആശങ്കാജനകമാണ്. കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും ആവശ്യപ്പെട്ടു. കലാപം തടയുന്നതില്‍ പരാജയപ്പെട്ട അമിത് ഷായെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു. സംസ്ഥാനത്ത് സമുദായസൗഹാര്‍ദ്ദം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഐ എം മണിപ്പുര്‍ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സന്തോഷവും സമാധാനവും പുലര്‍ന്ന മണിപ്പൂരിൻ്റെ ഇന്നത്തെ അവസ്ഥയില്‍ കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.
മെയ്ത്തി സമുദായത്തെ പട്ടികവര്‍ഗക്കാരായി പ്രഖ്യാപിക്കണമെന്ന ആവശ്യം, പര്‍വതമേഖലകളിലെ ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കല്‍, കുക്കി കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കല്‍ എന്നീ വിഷയങ്ങളാണ് സംസ്ഥാനത്തെ കലാപത്തിലേക്ക് വലിച്ചിഴച്ചത്.
മണിപ്പൂരില്‍ കലാപത്തിൻ്റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണെന്ന് ബംഗളരു ആര്‍ച്ച് ബിഷപ്പ് റവ.ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. സംഘര്‍ഷത്തില്‍ 17 പള്ളികളാണ് ഇതിനകം തകര്‍ത്തത്. 1974ല്‍ നിര്‍മ്മിച്ച മൂന്ന് പള്ളികളും നിരവധി വീടുകളും കത്തിച്ചു. 41 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള സംസ്ഥാനത്ത് അവര്‍ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രദേശത്ത് സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ആര്‍ച്ച് ബിഷപ്പ് അറിയിച്ചു..
ഇതിനിടെ ആക്രമണത്തിനു പിന്നില്‍ ?ക്രൈസ്തവ സഭയെന്ന് ആരോപിച്ച് ആര്‍എസ്എസ് മാധ്യമം ഓര്‍ഗനൈസര്‍ എരിതീയില്‍ എണ്ണയൊഴിച്ച് രംഗത്തെത്തി. ക്രൈസ്തവ സഭകളുടെ പിന്തുണയിലാണ് മണിപ്പുരില്‍ ആക്രമണങ്ങള്‍ നടക്കുന്നതെന്നും ഹിന്ദുഭൂരിപക്ഷ മേഖലകളില്‍നിന്ന് ആളുകള്‍ പലായനം ചെയ്തതായും ഓര്‍ഗനൈസര്‍ പറയുന്നു. സഭകളുടെയും തീവ്രവാദികളുടെയും പിന്തുണയില്‍ സായുധ ആക്രമണമാണ് നടക്കുന്നത്. ഹിന്ദുക്കള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ കാരണം അവ്യക്തമാണെന്നും പ്രചരിപ്പിക്കുന്നു.
ആഴ്ചകള്‍ക്കുമുമ്പേ തലപൊക്കിയ അസ്വസ്ഥതകള്‍ പരിഹരിക്കാതെ വഷളാക്കിയത് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളാണ്. കലാപത്തില്‍ മണിപ്പുര്‍ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കര്‍ണാടകത്തില്‍ പ്രചാരണത്തിരക്കിലായിരുന്നു. മ്യാന്മറുമായി ദീര്‍ഘമായ അതിര്‍ത്തിയുള്ള തന്ത്രപ്രധാന സംസ്ഥാനമാണ് മണിപ്പൂര്‍. അവിടെ സമാധാനം നിലനിര്‍ത്തുന്നതില്‍ കേന്ദ്രവ്യം സംസ്ഥാനവും ഗുരുതരവീഴ്ച വരുത്തി. ദേശീയ സുരക്ഷാ ഏജന്‍സികളും വേണ്ട രീതിയില്‍ ഇടപെട്ടില്ല.
മണിപ്പുര്‍ ജനസംഖ്യയുടെ 65 ശതമാനത്തോളം വരുന്ന മെയ്ത്തി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമാണ് കലാപത്തിന് വഴിമരുന്നിട്ടത്. ഹിന്ദു പട്ടികജാതി, ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവരാണ് മെയ്ത്തി സമുദായത്തിലെ ഭൂരിപക്ഷവും. സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തെ കുക്കി, നാഗ ഗോത്രങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്ത്തി സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കുന്നത് ഉടന്‍ പരിഗണിക്കാന്‍ മണിപ്പുര്‍ ഹൈക്കോടതി കഴിഞ്ഞമാസം ഉത്തരവിട്ടിരുന്നു. സംരക്ഷിത വനമേഖലകളില്‍നിന്ന് ഗോത്രവര്‍ഗക്കാരെ സംസ്ഥാന സര്‍ക്കാര്‍ ഒഴിപ്പിക്കുന്നതും സംഘര്‍ഷം രൂക്ഷമാക്കി.
തലസ്ഥാന നഗരമായ ഇംഫാല്‍, ചുരാചന്ദ് പൂര്, ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബല്‍, ജിരിബാം, ബിഷ്ണുപുര്‍, കാങ്പോക്പി കാക്കിങ് മേഖലകളില്‍ സംഘര്‍ഷം രൂക്ഷമാണ്. ഈ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പൊലീസ് പരിശീലനകേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ ആയുധങ്ങള്‍ കൊള്ളയടിച്ചത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഗവര്‍ണര്‍ അനുസിയ ഉയ്കെ നിര്‍ദ്ദേശം നല്കി. സംഘര്‍ഷമേഖലകളില്‍ കരസേന ഫ്ലാഗ് മാര്‍ച്ച് നടത്തി. ദ്രുതകര്‍മസേനയെ വ്യോമമാര്‍ഗം എത്തിച്ചു. നിരവധി വീടുകളും സ്ഥാപനങ്ങളും വാഹനങ്ങളും ആരാധനാലയങ്ങളും അക്രമികള്‍ തകര്‍ത്തു.
ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്ത്തി സമുദായത്തെ ഗോത്രവര്‍ഗത്തില്‍ ഉള്പ്പെടുത്തണമെന്നഹൈക്കോടതി വിധിക്കെതിരെ ഗോത്രവിഭാഗമായ ഓള് ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന് മണിപ്പുര്‍ (എടിഎസ്യുഎം) ചുരാചന്ദ്പുരിലെ തോര്‍ബങ്ങില്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പങ്കെടുത്ത റാലി ബിഷ്ണുപുരില്‍ എത്തിയപ്പോള്‍ ചില വിഭാഗങ്ങളുമായി ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്നാണ് ആദിവാസിവിഭാഗങ്ങള്‍ 10 മലയോര ജില്ലകളില്‍ പ്രതിഷേധം പ്രഖ്യാപിച്ചത്. അതോടെ കലാപം ആളിപ്പടര്‍ന്നു. ഇത് വര്‍ഗീയ കലാപമാക്കി മാറ്റുന്നതില്‍ സംഘപരിവാര്‍ വിജയിക്കുകയും ചെയ്തു