3,42,156
കുടുംബങ്ങൾക്ക് സ്വന്തം വീട്
20,073 വീടുകളുടെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിച്ചു
എൽഡിഎഫ് സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവനപദ്ധതി പുതിയൊരു നേട്ടത്തിലേക്ക് കടന്നു. നിർമാണം പൂർത്തിയാക്കിയ 20,073 വീടുകളുടെ താക്കോൽ മെയ് നാലിന് വ്യാഴാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറി. 41,439 പേർക്ക് പുതുതായി വീടുകൾ നിർമിക്കാനുള്ള കരാറിലും ഒപ്പുവെച്ചു.
ഭവനരഹിതരില്ലാത്ത കേരളം എന്നതാണ് ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ ലക്ഷ്യം പൂർത്തിയാക്കിയാൽ അത് ലോകത്തിനുതന്നെ മാതൃകയാകും. വികസിതരാജ്യങ്ങളിൽപ്പോലും എല്ലാവർക്കും വീട് എന്ന ലക്ഷ്യം നേടാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാ ഭൂരഹിത -ഭവനരഹിതർക്കും ഭവനം പൂർത്തിയാക്കാത്തവർക്കും വാസയോഗ്യമായ വീടില്ലാത്തവർക്കും സുരക്ഷിതവും മാന്യവുമായ വീട് നിർമിച്ചു നൽകുക എന്നതാണ് 2016ൽ ലൈഫ് ഭവനപദ്ധതി ആവിഷ്കരിച്ചപ്പോൾ എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്തത്. 2016ൽ ഒന്നാം പിണറായി സർക്കാർ തുടങ്ങിവച്ച പദ്ധതിപ്രകാരം ഇതിനകം 3,42,156 വീട് കൈമാറി. അടിമാലി, അങ്കമാലി, വെങ്ങാനൂർ, മണ്ണന്തല എൻജിഒ യൂണിയൻ, കീഴ്മാട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ഭവനസമുച്ചയങ്ങളിലായി 469 ഫ്ലാറ്റ് നൽകി. ഭൂരഹിത ഭവനരഹിതർക്കായി നിർമിക്കുന്ന 29 ഭവനസമുച്ചയത്തിൽ കടമ്പൂർ, വിജയപുരം, കരിമണ്ണൂർ, പുനലൂർ എന്നിവിടങ്ങളിലായി നാല് ഫ്ലാറ്റ് സമുച്ചയം നിർമിച്ച് 174 കുടുംബത്തിന് നൽകി. ബാക്കിയുള്ള 25 എണ്ണം നിർമാണം വിവിധ ഘട്ടങ്ങളിലാണ്. കാസർകോട് ചെമ്മനാട്, കണ്ണൂർ ആന്തൂർ, കണ്ണപുരം, കോഴിക്കോട് ചാത്തമംഗലം, പാലക്കാട് ചിറ്റൂർ തത്തമംഗലം, ഇടുക്കി കട്ടപ്പന, ആലപ്പുഴ മണ്ണഞ്ചേരി, പത്തനംതിട്ട ഏനാത്ത് എന്നിവിടങ്ങളിൽ നിർമാണ പുരോഗതിയിലുള്ളവ 2023 ജൂലൈയോടെ പൂർത്തീകരിക്കും. എറണാകുളത്തെ നെല്ലിക്കുഴി, തിരുവനന്തപുരത്തെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ സമുച്ചയങ്ങൾ നിർമിക്കും. 2022-–-23ൽ 1,06,000 വീടിൻ്റെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിൽ 2022 ഏപ്രിൽമുതൽ മാർച്ച് 31 വരെ 54,648 വീട് പൂർത്തീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ അറുപത്തേഴായിരത്തിലധികം നിർമാണം വിവിധ ഘട്ടങ്ങളിലാണ്.
ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 3,69,262 ഭൂമിയുള്ള ഭവനരഹിതരിൽ പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കും അതിവേഗം ആനുകൂല്യം ലഭ്യമാക്കുന്നതിന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്ന് 46,380 പേർ കരാറിൽ ഏർപ്പെടുകയും 587 പേർ നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട, വീട് ആവശ്യമുള്ള 8058 പേരിൽ 2358 പേർ കരാറിൽ ഏർപ്പെടുകയും 47 പേർ പൂർത്തീകരിക്കുകയും ചെയ്തു.
2016ൽ ലൈഫ് ഭവനപദ്ധതി ആരംഭിക്കുമ്പോൾ വിവിധ പദ്ധതികൾപ്രകാരം വീടുനിർമാണം ആരംഭിക്കുകയും പൂർത്തിയാക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്തവരെയാണ് ഒന്നാംഘട്ടത്തിൽ പരിഗണിച്ചത്. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നൽകാനും മൂന്നാംഘട്ടത്തിൽ ഭൂരഹിതർക്ക് ഫ്ലാറ്റുകൾ നൽകാനും തീരുമാനിച്ചു.
ഇതിനകം വിനിയോഗിച്ചത് 16,000 കോടി രൂപ; 14, 620.74 കോടിയും സംസ്ഥാന വിഹിതം
നാല് ലക്ഷത്തിലധികം വീടുകൾക്കുള്ള ധനസഹായമായി 16,000 കോടിയോളം രൂപയാണ് ലൈഫ് ഭവനപദ്ധതിക്കുവേണ്ടി ചെലവഴിച്ചത്. പിഎംഎവൈ ഗ്രാമീണ ഭവനപദ്ധതി പ്രകാരം ലഭിച്ച 29,475 വീടിനായി കേന്ദ്ര സർക്കാർ വീടൊന്നിന് 72,000 രൂപ നിരക്കിൽ നൽകുന്ന 212.22 കോടിയും പിഎംഎവൈ നഗരഭവനപദ്ധതിയിൽ നൽകുന്ന 77,803 വീടിന് ഒന്നര ലക്ഷം രൂപ നിരക്കിലുള്ള 1167.04 കോടിയും ചേർത്ത് 1379.26 കോടിയാണ് കേന്ദ്ര സഹായം. ബാക്കിയുള്ള 14620.74 കോടി സംസ്ഥാന സർക്കാരിൻ്റെ സംഭാവനയാണ്.
പാവപ്പെട്ടവരുടെ ഭവനനിർമാണ മേഖലയിൽ ഇത്ര കുറഞ്ഞ സമയംകൊണ്ട് ഇത്രയും വലിയ നേട്ടം കൈവരിച്ചത് അപൂർവമാണ്. മാത്രമല്ല, ഭവനനിർമാണത്തിന് ഒരു സംസ്ഥാനം നൽകുന്ന ഏറ്റവും കൂടുതൽ സഹായമാണ് കേരളം നൽകുന്നത്. ഒരു വീടിന് നാല് ലക്ഷം രൂപ. തൊട്ടടുത്തു നിൽക്കുന്ന ആന്ധ്രപ്രദേശിൽ ഒരു വീടിന് നൽകുന്ന സഹായം 1,80,000 രൂപയാണ്. കേന്ദ്രം പിഎംഎവൈ (ഗ്രാമീൺ) പദ്ധതിയിൽ നൽകുന്നത് 72,000 രൂപയും പിഎംഎവൈ (നഗരം) പ്രകാരം നൽകുന്നത് ഒന്നര ലക്ഷം രൂപയുമാണ്.
പ്രതിസന്ധികളും കേന്ദ്രത്തിൻ്റെ സാമ്പത്തിക ആക്രമണവും പ്രതിപക്ഷ കുത്തിത്തിരിപ്പും അതിജീവിച്ച വിജയഗാഥ
2016ൽ തീരുമാനിച്ച് 2017ൽ ആരംഭിച്ച ലൈഫ് ഭവനനിർമാണ പദ്ധതിക്ക് 2018ൽ വലിയ തടസ്സം നേരിടേണ്ടിവന്നു. ആ വർഷമുണ്ടായ മഹാപ്രളയം പദ്ധതിക്ക് പ്രതിബന്ധം സൃഷ്ടിച്ചു. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ കുറേക്കാലം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്കും തുടർന്ന് പുനർനിർമാണ പ്രവർത്തനങ്ങളിലേക്കും മാറി. ഇതിനിടയിലാണ് ലൈഫ് ഭവനപദ്ധതിയുടെ പ്രവർത്തനങ്ങളും നടന്നത്. 2019ലും പ്രളയത്തിന്റെ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. 2020––21ൽ മഹാമാരിയുടെ പിടിയിലായി സംസ്ഥാനം. തുടർന്ന് കേന്ദ്ര സർക്കാർ വിവിധ ഘട്ടങ്ങളിലായി ധനസഹായങ്ങൾ വൻതോതിൽ വെട്ടിക്കുറച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നിന്നുപോയതും നികുതിവിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതുമായി ആകെ 40,000 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർകാരിനുണ്ടായി. ഈ വലിയ പ്രതിസന്ധിയെ അതിജീവിച്ചാണ് ലൈഫ് പദ്ധതി മുന്നോട്ടുകൊണ്ടുപോയത്.
85 ശതമാനം വീടും സംസ്ഥാന പദ്ധതി ; കേന്ദ്ര പദ്ധതികളിൽ 15 ശതമാനം മാത്രം
മറ്റ് സംസ്ഥാനങ്ങളിലെ ഭവനപദ്ധതികളിൽ വലിയൊരു പങ്കുവഹിക്കുന്നത് കേന്ദ്രമാണ്. ഭവനരഹിതർക്കായി കേരളത്തിൽ ആകെ നിർമിച്ച വീടുകളിൽ 85 ശതമാനവും സംസ്ഥാന പദ്ധതികളിലൂടെയാണ്. അതിൽ ഇതുവരെയുള്ള വിവിധ പദ്ധതികൾ ഉൾപ്പെടും. കേരളത്തിൽ 15 ശതമാനം വീടുകളാണ് കേന്ദ്ര പദ്ധതിയിൽ പൂർത്തിയാക്കിയത്. ഉത്തർപ്രദേശ് സ്വന്തം പദ്ധതികളിലൂടെ പൂർത്തിയാക്കിയത് 31 ശതമാനമാണ്. 69 ശതമാനവും കേന്ദ്ര പദ്ധതികളാണ്. രാജസ്ഥാനിൽ 33 ശതമാനം സംസ്ഥാന പദ്ധതിയും 67 ശതമാനം കേന്ദ്ര പദ്ധതിയുമാണ്. പഞ്ചാബിൽ ഇത് 30:70 ആണ്. ആന്ധ്രപ്രദേശ്- 69:31, കർണാടകം- 65:35, തെലങ്കാന- 66:34, മഹാരാഷ്ട്ര- 39:61, തമിഴ്നാട്- 38:62 എന്നിങ്ങനെയാണ്.
എം എൻ ഗോവിന്ദൻനായർ ഭവനമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിൽ ലക്ഷം വീട് പദ്ധതി ആരംഭിച്ചത്. അന്ന് അതൊരു വിപുലമായ പദ്ധതിയായിരുന്നു. രാജ്യമാകെ ശ്രദ്ധിച്ച പദ്ധതി. ജനസംഖ്യ കുതിച്ചുയരുകയും കുടുംബങ്ങൾ വിഭജിക്കപ്പെട്ട് പുതിയ വീടുകൾക്കുള്ള ആവശ്യം പല മടങ്ങായി വർധിക്കുകയും ചെയ്തപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വീടെന്നത് ഒരു സ്വപ്നമായി മാറി. ഒരു വശത്ത് ആഡംബര വീടുകൾ ധാരാളമായി ഉയരുകയും മറുവശത്ത് തലചായ്ക്കാൻ കൂരയില്ലാതെ നിരവധി പേർ ബുദ്ധിമുട്ടുന്ന വൈരുധ്യവും കേരളം കണ്ടു.
സർക്കാരിന്റെ മഹത്തായ ഈ യത്നത്തിൽ സഹകരിക്കാൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ മുന്നോട്ടുവരുന്നുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഭൂമിയും വീടുമില്ലാത്തവർക്ക് ഭൂമി വാങ്ങാൻ രണ്ടര ലക്ഷം രൂപ വീതം 1000 പേർക്ക് ധനസഹായം നൽകാൻ തയ്യാറായി. ഭൂരഹിത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കാൻ സർക്കാർ ആവിഷ്കരിച്ച ‘മനസ്സോടിത്തിരി മണ്ണ്’ എന്ന സംരംഭത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
ലൈഫ് ഭവനപദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് വീടുണ്ടാക്കി കൊടുക്കുകയെന്ന കർത്തവ്യംകൊണ്ട് സർക്കാർ കടമ അവസാനിപ്പിക്കുന്നില്ല. എല്ലാ കുടുംബങ്ങൾക്കും ജീവനോപാധി നൽകി അന്തസ്സുള്ള ജീവിതം ഉറപ്പുവരുത്താനുള്ള പദ്ധതികൾ നടപ്പാക്കും. കേരള മോഡലിനെ കാലാനുസൃതമായി ഉയർത്താനും പരിഷ്കരിക്കാനും നമുക്ക് ബാധ്യതയുണ്ട്. അതിന്റെ ഭാഗമാണ് ലൈഫ് ഭവനപദ്ധതിയും. കേരള മോഡലിന് പുതുജീവൻ പകരുന്ന പദ്ധതിയായി ലൈഫ് മിഷനെ സമ്പൂർണമാക്കാൻ നമുക്ക് ഒന്നിക്കാം.