തിരുവനന്തപുരം: 19 വാടക വീടുകളിൽ മാറി മാറി താമസിച്ച മത്സ്യത്തൊഴിലാളി കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതി വഴി വീട് അനുവദിച്ച് സംസ്ഥാന സർക്കാർ. വർഷങ്ങളായി പെൺമക്കളെയും കൊണ്ട് വാടക വീടുകൾ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛന്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ സഫലമായത്. എൽ ഡി എഫ് സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച താലൂക്ക് തല അദാലത്തിലാണ് ഈ കുടുംബത്തിൻ്റെ ജീവിത സ്വപ്നം യാഥാർഥ്യമായത്. ലൈഫ് മിഷനിലൂടെ വീട് ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഈ മത്സ്യത്തൊഴിലാളി കുടുംബമെന്ന് തിരുവനന്തപുരം കലക്ടർ ജറോമിക് ജോർജ് ഫേസ് ബുക്കിൽ കുറിച്ചു.
വർഷങ്ങളായി പെൺമക്കളെയും കൊണ്ട് വാടക വീടുകൾ മാറി മാറി താമസിക്കേണ്ടി വന്ന ഒരച്ഛൻ്റെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമാണ്. തിരുവനന്തപുരം എസ് എംവി സ്കൂളിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ സഫലമായത്. മന്ത്രിമാർ നേരിട്ട് പരാതി പരിഹരിച്ച സന്തോഷത്തിലായിരുന്നു വിഴിഞ്ഞം സ്വദേശികളായ 52 വയസ്സുള്ള യേശുദാസ് എന്ന മത്സ്യത്തൊഴിലാളിയും മകൾ കാശ്മീരയും കൊച്ചുമകനും.
ലൈഫ് മിഷൻ പദ്ധതി വഴി വീട് അനുവദിച്ച് കൊണ്ടുള്ള സന്തോഷം പങ്കുവയ്ക്കുമ്പോഴും കാശ്മീരയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. 29 വർഷത്തിനിടെ 19 വാടക വീടുകളിലാണ് ഈ കുടുംബം മാറി മാറി താമസിച്ചത്. “ഞങ്ങൾ നാല് പെൺമക്കളെ വളർത്താൻ അമ്മയും പപ്പയും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനിടയിൽ വീടുകൾ മാറി മാറി താമസിക്കേണ്ടി വന്നതും വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിന് മുൻപ് പല അദാലത്തുകളിലും അപേക്ഷ നൽകിയിരുന്നെങ്കിലും ഒന്നും ഞങ്ങൾക്ക് അനുകൂലമായില്ല. വർഷങ്ങളായി പരിഹരിക്കപ്പെടാതെ കിടന്ന ഞങ്ങളുടെ വീടെന്ന സ്വപ്നമാണ് കരുതലും കൈത്താങ്ങും അദാലത്തിലൂടെ മന്ത്രിമാർ നേരിട്ട് പരിഹരിച്ചത് ” കാശ്മീര പറഞ്ഞു.