പേരാമ്പ്ര: നിർമ്മാണം പൂർത്തിയായ പേരാമ്പ്ര ബൈപാസ് ഞായറാഴ്ച പകൽ 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കോഴിക്കോട് – കുറ്റ്യാടി സംസ്ഥാന പാതയിൽ കക്കാട് പള്ളിക്കടുത്തുനിന്ന് കല്ലോട് വരെ 2.73 കിലോമീറ്ററാണ് ബൈപാസ്. 2021 ഫെബ്രുവരിയിൽ മന്ത്രി ജി സുധാകരനാണ് പ്രവൃത്തി ഉദ്ഘാടനംചെയ്തത്. 27.96 കോടി രൂപ ചെലവഴിച്ച് 997 സെന്റ് ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.
കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതി നടത്തിപ്പ്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം. 19.69 കോടി ചെലവിലാണ് 12 മീറ്റർ വീതിയിൽ റോഡ് പണിതത്. സ്ഥലം ഏറ്റെടുക്കലിനും ബൈപാസ് നിർമാണത്തിനും കിഫ്ബിയാണ് ഫണ്ട് ചെലവഴിച്ചത്. 13 ഇടങ്ങളിൽ ലിങ്ക്റോഡുണ്ട്. 109 കൂറ്റൻ തെരുവുവിളക്കുകളും സ്ഥാപിച്ചു. പന്ത്രണ്ട് വർഷത്തെ പരിശ്രമങ്ങൾക്കു ശേഷമാണ് പേരാമ്പ്രയുടെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമായത്. ബൈപാസ് വരുന്നത് തടയാൻ യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും തീവ്രവർഗീയ സംഘടനകളും കിണഞ്ഞു ശ്രമിച്ചതാണ്. സ്ഥലമെടുപ്പ് തടയാൻ നോക്കി. സ്ഥലം വിട്ടു നൽകാൻ സന്നദ്ധരായ ഉടമകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഉടമകളുമായി കൂടിയാലോചന നടത്തി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചപ്പോൾ യുഡിഎഫ് സമരവും നടത്തിയിരുന്നു.
1998ലെ എൽഡിഎഫ് സർക്കാരാണ് ബൈപാസിന് ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയത്. 2008ൽ കെ കുഞ്ഞമ്മത് എംഎൽഎയുടെ ഇടപെടലിൽ ബജറ്റിൽ തുക വകയിരുത്തി. രൂപരേഖ തയ്യാറാക്കി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നതോടെ സോളിഡാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും കുത്തിത്തിരിപ്പ് സമരം തുടങ്ങി. പേരാമ്പ്ര ടൗൺ നോക്കുകുത്തിയാകുമെന്ന് പ്രചരിപ്പിച്ച് യുഡിഎഫ് വ്യാപാരികളെ രംഗത്തിറക്കാനും ശ്രമിച്ചു. കോടതിയെ സമീപിച്ച് നടപടി നിർത്തിവെപ്പിച്ചു. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ എല്ലാ നടപടികളും നിലച്ചു. പിന്നീട് സുപ്രീം കോടതി ബൈപാസിന് അനുകൂലമായി വിധി പ്രഖാപിച്ചതോടെയാണ് നടപടി പുനരാരംഭിച്ചത്. 2016ൽ ഒന്നാം പിണറായി ഗവൺമെന്റിൽ പേരാമ്പ്ര എം എൽ എ ടി പി രാമകൃഷ്ണൻ മന്ത്രിയായി ചുമതല ഏറ്റതോടെയാണ് ബൈപാസ് നിർമാണ നടപടികൾ പുനരാരംഭിച്ചത്.